 
മന്ത്രിമാരായ പി. പ്രസാദും കെ. രാജനും കണ്ണാറ ബനാന ഹണി പാർക്ക് സന്ദർശിക്കുന്നു.
പീച്ചി: കണ്ണാറ ബനാന ഹണി പാർക്ക് 2023 ജനുവരിയിൽ പ്രവർത്തന സജ്ജമാകുമെന്ന് കൃഷി മന്ത്രി പി. പ്രസാദ്. ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സമയബന്ധിതമായി നടന്നുവരുന്നു. കേരളത്തിലെ പ്രധാന അഗ്രോപാർക്കുകളിൽ ഒന്നായി വിഭാവനം ചെയ്തിരിക്കുന്ന പദ്ധതി കൂടുതൽ വിപുലീകരിക്കാനുള്ള സാദ്ധ്യതകൾ പരിശോധിച്ചുവരികയാണ്. പാർക്കിലെ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തുകയായിരുന്നു മന്ത്രി. റവന്യൂ മന്ത്രി കെ. രാജനൊപ്പമാണ് മന്ത്രി എത്തിയത്.
കർഷകരിൽ നിന്ന് ഗുണനിലവാരമുള്ള തേൻ സംഭരിച്ച് യന്ത്രങ്ങളുടെ സഹായത്തോടെ പാകപ്പെടുത്തി പാക്ക് ചെയ്ത് സർക്കാർ ബ്രാൻഡിൽ വിപണിയിൽ എത്തിക്കും. വാഴക്കൃഷി കൂടുതലായി നടക്കുന്ന കണ്ണാറയിൽ നേന്ത്രക്കായയിൽ നിന്ന് ചിപ്‌സ്, നേന്ത്രപ്പഴത്തിൽ നിന്ന് മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ നിർമ്മാണം എന്നിവയും യൂണിറ്റിൽ ആരംഭിക്കും. പഴത്തിൽ നിന്ന് വൈൻ ഉത്പാദിപ്പിക്കുന്നതിനുള്ള ചർച്ചകളും നടക്കുന്നു. ഇതിനായി സർക്കാരിന്റെയും കിഫ്ബിയുടെയും അനുമതിക്ക് വിധേയമായി യന്ത്രങ്ങൾ എത്തിക്കുമെന്നും മന്ത്രി പ്രസാദ് പറഞ്ഞു. കണ്ണാറ ബനാന ഹണി പാർക്കിന്റെ പ്രവർത്തനങ്ങൾ ആഴ്ചയിൽ ഒരിക്കൽ എന്ന രീതിയിൽ പരിശോധിച്ച് പോരായ്മകൾ പരിഹരിച്ച് മുന്നോട്ട് പോകുമെന്ന് റവന്യൂ മന്ത്രി കെ. രാജൻ അറിയിച്ചു. ആഗസ്റ്റ് 19 ന് ഇലക്ട്രിഫിക്കേഷൻ ടെണ്ടർ നടപടികളിലേക്ക് കടക്കുകയാണ്. ടെക്‌നോളജി മാറിയ സാഹചര്യത്തിൽ കൂടുതൽ ഉത്പാദനം സാദ്ധ്യമാകുന്ന യന്ത്രങ്ങളിലേക്ക് പോകുന്നതിന്റെ ഭാഗമായുള്ള റീ ടെണ്ടർ നടപടികളും പുരോഗമിക്കുകയാണ്. കൊവിഡ് കാലം പ്രവർത്തനങ്ങളെ ബാധിച്ചെങ്കിലും കെട്ടിട നിർമാണം ഇതിനകം പൂർത്തിയാക്കാനായി. കർഷകർക്ക് കൂടുതൽ നേട്ടം ലഭിക്കുന്ന യാഥാർത്ഥ്യത്തിലേക്ക് കേരളം കടക്കുകയാണെന്നും റവന്യൂമന്ത്രി പറഞ്ഞു. സന്ദർശനത്തിലും തുടർന്ന് മന്ത്രിമാരുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലും ഒല്ലൂക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. രവി, പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രൻ, വാർഡ് മെമ്പർ രേഷ്മ സജീഷ്, കെയ്‌കോ ചെയർമാൻ കുഞ്ഞാലി, കെയ്‌കോ എം.ഡി പ്രതാപ് രാജ്, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.