 
മറ്റത്തൂർ: ഈ വർഷം സ്‌കൂൾ കലാമേളയും കായികമേളയും സംഘടിപ്പിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ശ്രീകൃഷ്ണ ഹൈസ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. തീയതിയും സ്ഥലവും തിരുവനന്തപുരത്തു ചേരുന്ന യോഗത്തിൽ തീരുമാനിക്കും. പെൺകുട്ടികളുടെ ക്രിക്കറ്റ് മത്സരം സ്‌കൂൾ കായിക മേളയിൽ ഉൾപ്പെടുത്തുമെന്നും ഇതിനുള്ള ഉത്തരവ് ഉടൻ പുറത്തിററക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കെ.കെ. രാമചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. സോഷ്യൽ മീഡിയയിൽ തരംഗമായ ഗായകൻ മിലനെ ചടങ്ങിൽ മന്ത്രി അഭിനന്ദിച്ചു. സ്‌കൂൾ മാനേജരായിരുന്ന ഗോപി മാസ്റ്ററുടെ ഛായാചിത്രവും മന്ത്രി അനാച്ഛാദനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, എം.ആർ. രഞ്ജിത്ത്, ഗോപി മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. വിദ്യാഭ്യാസ ഉപഡയറക്ടടർ ടി.വി. മദനമോഹനൻ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വി.ബി. അശ്വതി മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് അംഗം ജെനിഷ് പി. ജോസ് തുടങ്ങിയവർ പ്രസംഗിച്ചു