
തൃശൂർ: രോഗത്തെയല്ല, രോഗിയെയാണ് ചികിത്സിക്കേണ്ടതെന്ന് നൂറ്റൊന്നാവർത്തി പഠിപ്പിക്കുകയും ആയുർവേദം ഭാരതത്തിന്റെ ശാസ്ത്രമാണെന്ന് ഓർമ്മിപ്പിക്കുകയും ചെയ്ത ആയുർവേദാചാര്യനും 'വൈദ്യരത്‌ന'ത്തിന്റെ സാരഥിയുമായിരുന്ന അഷ്ടവൈദ്യൻ ഇ.ടി. നാരായണൻമൂസിന്റെ വിയോഗത്തിന് നാളെ രണ്ട് വയസ്.
മറ്റാരും ശ്രദ്ധിക്കാതിരുന്ന ആയുർവേദഗവേഷണം കേന്ദ്രീകരിച്ച് സ്ഥാപനത്തെ രാജ്യാന്തര ശ്രദ്ധാകേന്ദ്രമാക്കിയ അദ്ദേഹത്തിന്റെ പാതപിന്തുടർന്ന് ആധുനിക സ്‌പെഷ്യലൈസ്ഡ് ക്ലിനിക്കുകൾ തുടങ്ങാനുള്ള ഒരുക്കത്തിലാണ് 'വൈദ്യരത്‌നം' ഗ്രൂപ്പ്. സാങ്കേതികവിദ്യയും ആയുർവേദവും സമന്വയിപ്പിച്ച് ആധുനിക രോഗനിർണ്ണയ ഉപാധികളും അസംസ്‌കൃത വസ്തുക്കളുടെ ഗുണനിലവാരവും ഉറപ്പുവരുത്താനുള്ള ഉപകരണങ്ങൾക്കായുള്ള ഗവേഷണങ്ങളും ലക്ഷ്യമിടുന്നുണ്ട്.
ആയുർവേദ വിദ്യാർത്ഥികളുടെ ഗവേഷണ താൽപ്പര്യങ്ങളെ പ്രോത്സാഹിപ്പിക്കാനും ബിരുദാനന്തര ബിരുദപ്രബന്ധങ്ങളിൽ മികവ് അടയാളപ്പെടുത്താനും ഉദ്ദേശ്യമുണ്ട്. ആയിരം പൂർണചന്ദ്രന്മാരെ കണ്ടുവെന്നതിലല്ല, ആറുപതിറ്റാണ്ടിലേറെക്കാലം പതിനായിരങ്ങൾക്ക് സൗഖ്യം പകർന്നതാണ് സംതൃപ്തിയെന്ന് വിശ്വസിച്ച മൂസിന്റെ സ്വപ്നപദ്ധതികൾ കൂടിയാണ് സഫലമാകുന്നത്.
1992ൽ ആയുർവേദത്തിന് പ്രഥമപത്മശ്രീ കേരളത്തിന് നേടിത്തന്ന ഇ.ടി.നീലകണ്ഠൻമൂസിന്റെ മകനായ, അദ്ദേഹം ആയുർവേദ സമൂഹത്തിന് വഴിവിളക്കായത് ഗവേഷണങ്ങളിലൂടെ ഉരുത്തിരിഞ്ഞ മരുന്നുകൾ കൊണ്ടു കൂടിയായിരുന്നു. ബൃഹന്നയോപായം, തങ്കശ്രീഘൃതം, നയോപായം ലേഹ്യം, അമൃത രസായനം, അഗ്‌നിദ്രാവകം, മേഹാരിദ്രാവകം, പഞ്ചാരവിന്ദചൂർണ്ണം തുടങ്ങി അമ്പതോളം ഔഷധങ്ങളാണ് എളേടത്തു തൈക്കാട്ടു കുടുംബത്തിന്റെ സംഭാവനയായി ആയുർവേദ ലോകത്തിന് സമർപ്പിച്ചത്.
കടലിനപ്പുറം പറിച്ചുനടരുത്
ആയുഷ് ചികിത്സയ്ക്കായെത്തുന്ന വിദേശികൾക്ക് ആയുഷ് വിസ അനുവദിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചത് മാസങ്ങൾക്ക് മുൻപാണ്. പതിറ്റാണ്ടുകൾക്കു മുൻപേ ലോകമെമ്പാടുമുള്ളവർ ഭാരതത്തിലെത്തി ചികിത്സ തേടണമെന്ന് പറഞ്ഞത് മൂസായിരുന്നു. എൺപതാം പിറന്നാളിനോടനുബന്ധിച്ച് കേരളകൗമുദിക്ക് അനുവദിച്ച അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു: '' ഇവിടുത്തെ അന്തരീക്ഷവും ഭക്ഷണവും ജീവിതചര്യകളുമാണ് ആയുർവേദത്തെ മഹത്തായ ചികിത്സാസമ്പ്രദായമാക്കുന്നത്. അന്യദേശത്തുള്ളവർ ഇവിടെയെത്തി ചികിത്സിക്കണം. ആയുർവേദത്തെ വിദേശത്തേയ്ക്ക് പറിച്ചു നടരുത്. ''
തൊട്ടുവെച്ചാൽ ഫലം തരുന്ന അപൂർവ്വമരുന്നുകളുടെ കൂട്ട് കൈയിലുണ്ടെങ്കിലും നിർമ്മാണത്തിനുള്ള ഔഷധസസ്യങ്ങളില്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ ദു:ഖം. അതിനിടെ മരുന്നുനിർമ്മാണ വിതരണത്തിലുമുള്ള അനാവശ്യനിയന്ത്രണങ്ങളും. അദ്ദേഹം ഉറക്കെപ്പറഞ്ഞ പരിഭവങ്ങളെല്ലാം ഇന്നും തുടരുന്നു, ആയുർവേദ സമൂഹത്തോടുള്ള അവഗണനയുടെ കണ്ണാടിക്കാഴ്ചയായി.
ആയുർവേദത്തിലെ പരമോന്നത അംഗീകാരമായ വൈദ്യരത്‌നം ബഹുമതി തൈക്കാട്ടില്ലത്തെ തേടിയെത്തി നൂറ്റാണ്ടിനോടടുക്കുകയാണ്. ബറോഡ മഹാരാജാവാണ് നാരായണൻ മൂസ്സിന് ബഹുമതി പ്രഖ്യാപിച്ചത്. സമ്മാനിച്ചത് ചക്രവർത്തിയുടെ പ്രതിപുരുഷനായ വൈസ്രോയി റീഡിംഗ് പ്രഭുവും. 1924 ജൂൺ മൂന്നിന് തൃശൂർ സി.എം.എസ് ഹൈസ്‌കൂളിൽ സമർപ്പിച്ച പുരസ്‌കാരത്തിന്റെ ദീപപ്രഭ, കർമ്മവഴികളിൽ പരത്തുകയായിരുന്നു മുത്തച്ഛന്റെ പേരുകാരനായ ഇ.ടി.നാരായണൻ മൂസ്സ്. രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചതും അതുകൊണ്ട് തന്നെ. അദ്ദേഹത്തിന്റെ മക്കളായ അഷ്ടവൈദ്യൻമാരായ ഡോ.ഇ.ടി.നീലകണ്ഠൻ മൂസും ഇ.ടി.പരമേശ്വരൻ മൂസും അവരുടെ പുത്രന്മാരായ ഡോ.ഇ.ടി.കൃഷ്ണൻമൂസും ഡോ.ഇ.ടി. യദുനാരായണൻ മൂസും 'വൈദ്യരത്‌ന'ത്തെ നയിക്കുന്നത് ആ രത്‌നശോഭയുടെ വെള്ളിവെളിച്ചത്തിലാണ്...