കൊടുങ്ങല്ലൂർ: കേരളത്തിൽ നാഷണൽ ഹെൽത്ത് മിഷന്റെ കീഴിൽ ജോലിചെയ്യുന്ന ഇരുപത്തേഴായിരത്തോളം ആശാ വർക്കർമാരുടെ കഴിഞ്ഞ നാലുമാസത്തിലേറെയായി മുടങ്ങിയിരിക്കുന്ന ഓണറേറിയം ഉടൻ വിതരണം ചെയ്യണമെന്ന് ബെന്നി ബെഹന്നാൻ എം.പി കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യയെ കണ്ട് ആവശ്യപ്പെട്ടു. കൊവിഡ് കാലത്ത് കേരളത്തിലെ ആശാ വർക്കർമാർ ചെയ്ത വേറിട്ട സേവനങ്ങൾ ലോകാരോഗ്യ സംഘടനയുടെ പ്രശംസ പിടിച്ചു പറ്റിയിട്ടുണ്ട്. പ്രതിമാസം 6,000 ഓണറേറിയവും, പ്രത്യേക രജിസ്‌ട്രേഷൻ പ്രവർത്തനങ്ങൾ നടത്തുന്നതിന് അനുവദിച്ചിട്ടുള്ള 2,000- 3,000 രൂപയും, കൊവിഡ് കാലത്ത് അനുവദിച്ച സ്‌പെഷ്യൽ അലവൻസായ 1,000 രൂപയും ഉൾപ്പെടെ ആകെ 1,0000 രൂപയാണ് കേരളത്തിലെ ആശാവർക്കർമാരുടെ പ്രതിഫലം. ഇതിൽ കൊവിഡ് സ്‌പെഷ്യൽ അലവൻസായ 1,000 രൂപ ഇപ്പോൾ നിറുത്തലാക്കി. കൂടാതെ കഴിഞ്ഞ നാലു മാസത്തിലേറെയായി ഓണറേറിയം മുടങ്ങിയിരിക്കുകയാണ്. ദിവസേന നിരവധി കിലോമീറ്ററുകൾ സഞ്ചരിക്കേണ്ട ആശാ വർക്കർമാർക്ക് വാഹന സൗകര്യമോ, യാത്രാപ്പടിയോ, മൊബൈൽ ഫോണോ, റീചാർജ് അലവൻസുകളോ ഒന്നും ലഭിക്കുന്നില്ലെന്നും പറയുന്നു. ഓണറേറിയം ഇരട്ടിയാക്കി മുടങ്ങിയ തുക ഉടൻ വിതരണം ചെയ്യുന്നതിനുമുള്ള നടപടി സ്വീകരിക്കണമെന്നും എം.പി മന്ത്രിയോടാവശ്യപ്പെട്ടു.