kkramachandaran

വരന്തരപ്പിള്ളി : ആനപ്പാന്തം ഉൾവനത്തിലുണ്ടായ ശക്തമായ മഴയിൽ മുപ്ലി പുഴയിലൂടെ കുത്തിയൊഴുകിയെത്തിയ വെള്ളം കാരിക്കടവ്, കന്നാറ്റുപടം, പാലച്ചുവട്, ഒളനപറമ്പ്, വെട്ടിങ്ങാപാടം, കൂടോലിപ്പാടം, തോട്ടുമുഖം പമ്പ് ഹൗസ് പരിസരം എന്നിവിടങ്ങളിൽ വെള്ളം കയറി.

ഇന്നലെ രാവിലെ റബർ തോട്ടങ്ങളിൽ വെള്ളം ഉയർന്നതോടെ ആനപ്പാന്തം വനമേഖലയിൽ ഉരുൾപൊട്ടിയെന്ന അഭ്യൂഹം പരന്നു. എന്നാൽ ഉരുൾ പൊട്ടലുണ്ടായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. മുപ്ലി പുഴയിലൂടെ വെള്ളം കുത്തിയൊഴുകി എത്തിയതോടെ കുറുമാലി പുഴയിലും ജലനിരപ്പ് ഉയർന്നു. കുറുമാലി പുഴയിലെ ആറ്റപിള്ളി റെഗുലേറ്ററിൽ മരങ്ങളും പാഴ്‌വസ്തുക്കളും തടഞ്ഞത് വെള്ളത്തിന്റെ ഒഴുക്ക് തടസപെടുത്തി. യന്ത്രസഹായത്തോടെ മരങ്ങൾ നീക്കം ചെയ്തു. ഒഴുകിയെത്തിയ മരങ്ങൾ മാത്താംകുഴി റെഗുലേറ്ററിലും അടിഞ്ഞുകൂടിയതോടെ വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെടുമെന്നായതോടെ ഇന്നലെ വൈകീട്ടോടെ മരങ്ങൾ നീക്കം ചെയ്തു തുടങ്ങി.

കെ.കെ.രാമചന്ദ്രൻ എം.എൽ.എ , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ.രഞ്ജിത്ത്, പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ.അനൂപ്, ബി.ഡി.ഒ പി.ആർ.അജയഘോഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു തടസം നീക്കൽ ആരംഭിച്ചത്‌.