 
തൃശൂർ: ജില്ലയിൽ കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ വിവിധ ഭാഗങ്ങളിൽ ഏഴ് വീടുകൾ തകർന്നു. ചാലക്കുടിയിൽ മൂന്നും, തൃശൂർ, മുകുന്ദപുരം, കൊടുങ്ങല്ലൂർ, ചാവക്കാട് മേഖലയിൽ ഓരോ വീടുകളുമാണ് തകർന്നത്.
ജലനിരപ്പ് ഉയർന്നതിനാൽ മണലി, കുറുമാലി, കരുവന്നൂർ പുഴകളുടെ തീരങ്ങളും ഒഴിപ്പിക്കാൻ നടപടി തുടങ്ങി. ചാലക്കുടിപ്പുഴയുടെ വെട്ടുകടവ് പാലത്തിനു താഴെ നീരൊഴുക്ക് തടസ്സപ്പെടുത്തുന്ന രീതിയിൽ ഒഴുകിയെത്തിയ മരങ്ങൾ നീക്കി. തൃശൂർ കോട്ടപ്പുറം ഡിവിഷൻ 36ൽ വൈദ്യുതിഭവന് സമീപത്തെ വൻമരം കടപുഴകി വീണ് റോഡ് ഗതാഗതം തടസപ്പെട്ടു.
സമീപത്തെ ഫ്ലാറ്റിലേക്കാണ് മരം മറിഞ്ഞത്. തുടർന്ന് തൃശൂരിൽ നിന്ന് അഗ്‌നിരക്ഷാ സേനയെത്തി മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. ഭാരതപ്പുഴയിലെ ജലനിരപ്പ് അപായ സുചന നൽകുന്നതിന് അടുത്തെത്തി. പുഴയുടെ ഇരുവശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം. താഴ്ന്ന പ്രദേശങ്ങളിലുള്ളവരോട് മാറിത്താമസിക്കാനും നിർദ്ദേശം നൽകി.
1268 പേർ ദുരിതാശ്വാസ ക്യാമ്പിൽ
കനത്ത വെള്ളക്കെട്ടിലും അപകട സാദ്ധ്യത നിലനിൽക്കുന്ന സ്ഥലങ്ങളിൽ നിന്നും ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ 1268 പേരെ മാറ്റി പാർപ്പിച്ചു. ചാലക്കുടി താലൂക്കിൽ ഏഴിടത്തും കൊടുങ്ങല്ലൂരിൽ എട്ടിടങ്ങളിലും ചാവക്കാടും മുകുന്ദപുരത്തും ഒരിടത്തുമാണ് ക്യാമ്പ് തുറന്നത്. 396 കുടുംബങ്ങളാണ് മാറിത്താമസിച്ചിരിക്കുന്നത്. ഇതിൽ 537 ആൺകുട്ടികളും 516 സ്ത്രീകളും 215 കുട്ടികളുമാണ്. ഏറ്റവും കൂടുതൽ പേർ കൊടുങ്ങല്ലൂർ താലൂക്കിൽ പി. വെമ്പല്ലൂർ പഞ്ചായത്തിലെ എം.ഇ.എസ് സ്കൂളിലെ ക്യാമ്പിലാണ്. ആറ് കുടുംബങ്ങളിൽ നിന്നായി 217 പേർ ഇവിടെ ഉണ്ട്.