കൊടുങ്ങല്ലൂർ: കനത്ത മഴ തുടർന്ന് കൊടുങ്ങല്ലൂരിൽ ജനജീവിതം ദുസഹമായി. ഇന്നലെ രാവിലെ വരെ ശക്തമായ മഴയായിരുന്നു. തീരദേശത്തെ താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിലാണ്. തോടുകളും മറ്റും കര കവിഞ്ഞ് ഒഴുകുകയാണ്. തൃശൂർ - കൊടുങ്ങല്ലൂർ റൂട്ടിൽ നാരായണമംഗലത്ത് അർദ്ധരാത്രി വലിയ മരം റോഡിന് കുറുകെ വീണ് ഗതാഗതം തടസപ്പെട്ടു. എറിയാട് സൈക്ലോൺ ഷെൽട്ടറിൽ നാല് കുടുംബങ്ങൾ അഭയംതേടി. എടവിലങ്ങ് വില്ലേജിൽ രണ്ട് സ്ഥലങ്ങളിലായി 15 കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു. കാര സ്‌കൂളിൽ മൂന്നു കുടുംബവും കാര ഗവ. ഫിഷറീസ് എൽ.പി സ്‌കൂളിൽ 12 കുടുംബങ്ങളുമാണ് അഭയംതേടിയത്.
പി. വെമ്പല്ലൂർ അയ്യപ്പൻകാവ് എം.ഇ.എസ് സ്‌കൂളിൽ 26 കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു. കുളിമുട്ടം നഫീസ് സ്‌കൂളിൽ ഒരു കുടുംബം മാറി താമസിക്കുന്നുണ്ട്. എടവിലങ്ങ് വില്ലേജിൽ 2, 3, 5, 11, 14 വാർഡുകളിൽ വെള്ളം ഉയർന്നതിനാൽ പലരും വീടുകൾ ഉപക്ഷിച്ച് ബന്ധുവീടുകളിലേക്കും ദുരിതാശ്വാസ ക്യാമ്പിലേക്കും മാറിയിട്ടുണ്ട്. ശ്രീനാരാണപുരം പഞ്ചായത്തിന്റെ താഴ്ന്ന സ്ഥലങ്ങളല്ലാം കനത്ത വെള്ളക്കെട്ടാണ്. കോച്ചിലി പ്രദേശത്ത് വെള്ളം ഉയർന്നതുമൂലം 25 ലധികം വീടുകളിൽ വെള്ളം കയറി. അയിനിപ്പിള്ളി റൈജു, തച്ചുംപുറത്ത് മുരളി, അയിനിപ്പിള്ളി ടിന്റു, തലക്കാട്ട് അമ്പലപ്പറമ്പിൽ ശശി, കോമരത്ത് ഉണ്ണിക്കൃഷ്ണൻ, മുല്ലശ്ശേരി ഗോപാലകൃഷ്ണൻ, കോമരത്ത് പ്രേമൻ തുടങ്ങിയവരുടെ വീടുകളിൽ വെള്ളം കയറി. ആവശ്യമെങ്കിൽ കൂടുതലാളുകളെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റുവാൻ തദ്ദേശ സ്ഥാപനങ്ങൾ തയ്യാറെടുപ്പ് നടത്തിയിട്ടുണ്ട്. മഴ തുടരുമെന്ന മുന്നറിയിപ്പ് തീരദേശവാസികളിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
അപകടത്തിൽ നിന്ന് രക്ഷപ്പട്ടത് തലനാരിഴക്ക് !
ശക്തമായ മഴയിൽ വീടിന്റ ചുമർ ഇടിഞ്ഞ് വീണ് കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്. മേത്തല വടശ്ശേരി കോളനിയിലെ ഏങ്ങണ്ടിയൂർ സുജിനിയുടെ വീടിന്റെ ചുമരാണ് ചൊവ്വാഴ്ച പുലർച്ചെ ഒന്നരയോടെ തകർന്നു വീണത്. സുജിനിയും മക്കളും ഉറങ്ങുന്നതിനിടയിലായിരുന്നു അപകടം. ശബ്ദംകേട്ട് വീട്ടുകാർ പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.