പറപ്പൂർ: പട്ടികജാതി പട്ടികവർഗക്കാർക്കിടയിൽ സോളാർ വൈദ്യുതി ഉപയോഗിച്ച് വരുമാനം കണ്ടെത്താൻ പദ്ധതിയാരംഭിക്കുമെന്ന് വൈദ്യുതിമന്ത്രി കെ. കൃഷ്ണൻകുട്ടി. പറപ്പൂർ കെ.എസ്.ഇ.ബി ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കോൾ നിലങ്ങളിൽ ഓരോ പടവ് കമ്മിറ്റികൾക്കും ഓരോ സോളാർ പാനലുകൾ നൽകി സ്വയം വരുമാനം കണ്ടെത്താനുമുള്ള പ്രവർത്തനവും ആരംഭിക്കും. ചുരുങ്ങിയ ചെലവിൽ വൈദ്യുതി ഉൽപാദിപ്പിക്കാനാകണം. സംസ്ഥാനത്തിന് വേണ്ട 30 ശതമാനം മാത്രമേ കേരളത്തിൽ ഉൽപാദിപ്പിക്കുന്നുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുതുവറ ഇലക്ട്രിക്കൽ സബ് ഡിവിഷൻ ഓഫീസിന് കീഴിലുള്ള പറപ്പൂർ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് 1970 മുതൽ വാടക കെട്ടിടത്തിലാണ് പ്രവർത്തിച്ചുവരുന്നത്. പറപ്പൂർ 33 കെ.വി.സബ് സ്റ്റേഷനോട് ചേർന്നുള്ള സ്ഥലത്താണ് പുതിയ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. 85 ലക്ഷം വകയിരുത്തിയിരുന്ന കെട്ടിടത്തിന്റെ നിർമ്മാണം എസ്റ്റിമേറ്റ് തുകയേക്കാൾ 5.49ശതമാനം കുറഞ്ഞ ചെലവിൽ പൂർത്തീകരിക്കാനായി. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മുരളി പെരുനെല്ലി എം.എൽ.എ, കെ.എസ്.ഇ.ബി വിതരണ വിഭാഗം സപ്ലൈ ചെയിൻ മാനേജ്‌മെന്റ് ഡയറക്ടർ സി.സരേഷ് കുമാർ, കെ.എസ്.ഇ.ബി ഡയറക്ടർ അഡ്വ.വി.മുരുകദാസ്, തോളൂർ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.ജെ.പോൾസൺ (തോളൂർ), ശ്രീദേവി ജയരാജൻ ( മുല്ലശ്ശേരി), ജിയോ ഫോക്‌സ് (എളവള്ളി), ജില്ലാ പഞ്ചായത്ത് മെമ്പർ ജിമ്മി ചൂണ്ടൽ തുടങ്ങിയവർ പങ്കെടുത്തു.