
ചാലക്കുടി: ചെറുവാളൂർ പാടത്തെ തുരുത്തിൽ അകപ്പെട്ട കുടുംബത്തെ ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി. ആറ് വയസുള്ള പെൺകുട്ടി, എട്ട് വയസുള്ള ആൺകുട്ടി, 70 വയസുള്ള വയോധിക, 40 വയസുള്ള യുവാവ് എന്നിവരടങ്ങുന്ന നാല് പേരെ ചാലക്കുടി ഫയർ ഫോഴ്‌സെത്തിയാണ് രക്ഷപ്പെടുത്തിയത്. ചെറുവാളൂർ പാഴൂർ ബിനീഷിന്റേതാണ് കുടുംബം. മൂന്നാൾ പൊക്കത്തിൽ വെള്ളം കയറിയതോടെ രക്ഷപ്പെടാനാകാതെ കുടുംബം വീട്ടിൽ കുടുങ്ങുകയായിരുന്നു.
റോഡിൽ നിന്നും രണ്ട് കിലോ മീറ്റർ മാറി തുരുത്തിലാണ് വീട്. സമീപപ്രദേശങ്ങളിൽ മറ്റ് വീടുകളില്ലാത്തതിനാൽ വിവരം പുറത്തറിയാൻ വൈകി. പഞ്ചായത്തംഗം അറിയിച്ചതിനെ തുടർന്നാണ് ഫയർഫോഴ്‌സ് എത്തിയത്. ഇന്നലെ രാത്രി മുതൽ പാടത്ത് വെള്ളം കയറാൻ തുടങ്ങിയിരുന്നു. മാറിത്താമസിക്കാൻ നിർദ്ദേശം നൽകിയിരുന്നെങ്കിലും കുടുംബം അവഗണിച്ചതാണ് പ്രതിസന്ധിക്ക് കാരണമായതെന്ന് നാട്ടുകാർ പറയുന്നു. അസി. സ്റ്റേഷൻ ഓഫീസർ ജയന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.