
തൃശൂർ: തൃശൂർ പൊന്നാനി കോൾപ്പാടങ്ങളിലെ 100 പമ്പ്സെറ്റുകൾ സൗരോർജ്ജവത്കരിക്കാനുള്ള പ്രവർത്തനം ഊർജ്ജിതമാക്കുന്നു. പി.എം. കുസൂം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സൗരോർജ്ജത്തിലേയ്ക്ക് മാറ്റുന്നത്. ഇതുസംബന്ധിച്ച് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ കഴിഞ്ഞ ദിവസം മന്ത്രിമാരുടെ നേതൃത്വത്തിൽ ചേർന്ന യോഗം പദ്ധതി നടത്തിപ്പിനുള്ള മാനദണ്ഡം ചർച്ച ചെയ്തു.
പദ്ധതി നടപ്പിലാക്കാൻ പൂർണ സമ്മതമാണെന്നും അതിനായി കൃഷിവകുപ്പ് ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് ഫീൽഡ് ലെവൽ പഠനം നടത്തുമെന്നും കൃഷിമന്ത്രി പി.പ്രസാദ് പറഞ്ഞു. ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും സർക്കാർ വകുപ്പുകളെ ഏകോപിപ്പിച്ച് കമ്മിറ്റി രൂപീകരിക്കുമെന്ന് വൈദ്യുതി മന്ത്രി കൃഷ്ണൻകുട്ടി അറിയിച്ചു. ജില്ലയിൽ 34 കൃഷിഭവനുകളിലും 214 പാടശേഖര സമിതികളിലുമായി 27,000 കർഷകരുമുണ്ട്. സൗരോർജ്ജവത്കരണത്തിന് സംസ്ഥാന വിഹിതവും കർഷക വിഹിതവും ചേർന്ന തുക ദേശീയ കാർഷിക വികസന ബാങ്കിന്റെ (നബാർഡ്) ഗ്രാമീണ പശ്ചാത്തല വികസന ഫണ്ടിൽ നിന്നും നടപ്പിലാക്കാനുള്ള നടപടികൾ സ്വീകരിച്ച് വരികയാണ്. പദ്ധതി സംബന്ധിച്ച് ജില്ലാതല പഠനം നടത്തും.
പദ്ധതിയുടെ നേട്ടം
സൗരോർജ്ജ വൈദ്യുതി ഉൽപാദനം, കെ.എസ്.ഇ.ബി വൈദ്യുതി ലാഭിക്കൽ, പരിസ്ഥിതി സൗഹാർദ്ദം ഉറപ്പാക്കൽ, തുച്ഛമായ പരിപാലന ചെലവ്.
പ്രൂഫ് വായനാ ശില്പശാല ഇന്നും നാളെയും
തൃശൂർ: പ്രൂഫ് പരിശോധകർക്കായി സാഹിത്യ അക്കാഡമിയുടെ പ്രൂഫ് വായനാ ശില്പശാല 4, 5 തീയതികളിൽ വൈലോപ്പിള്ളി ഹാളിൽ നടക്കും. പ്രൂഫ് പരിശോധന, എഡിറ്റിംഗ് തുടങ്ങിയ വിഷയങ്ങളിലാണ് ക്ലാസുകൾ. രാവിലെ പത്തിന് പ്രസിഡന്റ് സച്ചിദാനന്ദൻ ശില്പശാല ഉദ്ഘാടനം ചെയ്യും. സെക്രട്ടറി സി.പി.അബൂബക്കർ അദ്ധ്യക്ഷനാകും. കെ.സി.നാരായണൻ, മനോജ് കെ.പുതിയവിള, കെ.കെ.യതീന്ദ്രൻ, ഡോ.സി.ജെ.ജോർജ്ജ്, ഡോ.സി.പി.ചിത്രഭാനു, മണമ്പൂർ രാജൻബാബു, കാവുമ്പായി ബാലകൃഷ്ണൻ, പ്രൊഫ.എം.ഹരിദാസ് എന്നിവർ ക്ലാസുകൾ നയിക്കും.
കക്കാട് പുരസ്കാരം മട്ടന്നൂരിന്
തൃശൂർ: കക്കാട് വാദ്യകലാക്ഷേത്രത്തിന്റെ കക്കാട് പുരസ്കാരം മട്ടന്നൂർ ശങ്കരൻകുട്ടി മാരാർക്ക്. 7ന് 10ന് കുന്നംകുളം ബഥനി സെന്റ് ജോൺസ് സ്കൂൾ ഓഡിറ്റോറിയത്തിൽ കലാമണ്ഡലം ഗോപി സ്വർണപ്പതക്കം സമർപ്പിക്കും. മലയാളം സർവകലാശാല വൈസ് ചാൻസലർ ഡോ.അനിൽ വള്ളത്തോൾ ഉദ്ഘാടനം ചെയ്യും. വാദ്യകലാക്ഷേത്രത്തിന്റെ വാർഷികത്തോടനുബന്ധിച്ച് നൽകുന്ന യുവപ്രതിഭാ പുരസ്കാരം (5000 രൂപ) ചെർപ്പുളശ്ശേരി ശ്രീജിത്തിനും കലാശ്രേഷ്ഠ, മേളകലാ പുരസ്കാരങ്ങൾ (സ്വർണപ്പതക്കം) പേരാമംഗലം അനിയൻകുട്ടി മാരാർക്കും താമരയൂർ അനീഷ് നമ്പീശനും സമ്മാനിക്കും. ഗാനരചയിതാവിനുള്ള സംസ്ഥാന പുരസ്കാരം നേടിയ ബി.കെ.ഹരിനാരായണനെ ആദരിക്കും. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ക്ഷേത്രകലാകാരന്മാർക്ക് ചികിത്സാ സഹായവും നൽകും. രാവിലെ 9ന് വാദ്യകലാക്ഷേത്രത്തിലെ വിദ്യാർത്ഥികളുടെ പഞ്ചാരിമേളവും നടക്കുമെന്ന് പ്രസിഡന്റ് ഇ.രഘുനന്ദനൻ, സെക്രട്ടറി കക്കാട് രാജപ്പൻ മാരാർ, വൈസ് പ്രസിഡന്റ് സുരേഷ് കുറുപ്പ്, പി.ടി.എ പ്രസിഡന്റ് സുജിത് നമ്പൂതിരി എന്നിവർ പറഞ്ഞു.
യുവജനതാദൾ നേതൃക്യാമ്പ് 6ന്
തൃശൂർ : യുവജനതാദൾ സംസ്ഥാന നേതൃത്വ ക്യാമ്പ് ആറിന് രാവിലെ 10ന് പീച്ചി വിലങ്ങന്നൂരിലെ ദർശന ഓഡിറ്റോറിയത്തിൽ റോജി എം.ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്യും. നാഷണൽ ജനതാദൾ സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ.ജോൺ ജോൺ പ്രഭാഷണം നടത്തും. 7ന് വൈകിട്ട് 6ന് ക്യാമ്പ് സമാപിക്കുമെന്ന് സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ.കെ.കെ.രാമദാസ്, ഭാരവാഹികളായ മനോജ് ചിറ്റിലപ്പിള്ളി, പോൾ പഞ്ഞിക്കാരൻ, ബിജു വാഴപ്പിള്ളി, കെ.സൂര്യരാജ് എന്നിവർ പറഞ്ഞു.