muhamed

തൃശൂർ: ഒരു കോടിയോളം വിലമതിക്കുന്ന ഒരു കിലോ ഹാഷിഷ് ഓയിലുമായി രണ്ട് സ്ത്രീകൾ അടക്കം നാലംഗ സംഘം പിടിയിൽ.

ചാവക്കാട് തെക്കരത്ത് വീട്ടിൽ സഫീന (32), പാലക്കാട് കിഴക്കഞ്ചേരി കാഞ്ഞിരകത്ത് ജയന്തി (40),പട്ടാമ്പി തേലോത്ത് വീട്ടിൽ മുഹമ്മദ് (69), അകലാട് കൊട്ടിലിൽ അഷ്‌റഫ് (43) എന്നിവരെയാണ് തൃശൂർ സിറ്റി പൊലീസ് ലഹരിവിരുദ്ധ സ്‌ക്വാഡും ടൗൺ ഈസ്റ്റ് പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തത്.

ആന്ധ്രയിൽ നിന്നും തൃശൂരിലേക്ക് കഞ്ചാവ് എത്തിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്നുള്ള പരിശോധനയിലാണ് തൃശൂർ വടക്കുന്നാഥ ക്ഷേത്രം തെക്കേ ഗോപുരനടയിൽ വച്ച് ഇവരെ പിടികൂടിയത്. അഷ്‌റഫാണ് പ്രധാന പ്രതി. ഇവർ ഇതിന് മുമ്പ് നിരവധി തവണ ആന്ധ്രാപ്രദേശിൽ നിന്നും ഹാഷിഷ് ഓയിലും, കഞ്ചാവും കേരളത്തിലെത്തിച്ച് ചാവക്കാട്, വടക്കേക്കാട്, എറണാകുളം എന്നിവിടങ്ങളിൽ വിൽപ്പന നടത്തിയിരുന്നതായി അന്വേഷണ സംഘം വെളിപ്പെടുത്തി.

വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള ചെറുപ്പക്കാരാണ് പ്രധാന ഉപഭോക്താക്കൾ. 100 കിലോ കഞ്ചാവ് വാറ്റുമ്പോഴാണ് ഒരു കിലോശുദ്ധമായ ഹാഷിഷ് ഓയിൽ ലഭിക്കുന്നത്. കഞ്ചാവ്, ഹാഷിഷ് എന്നിവ കടത്തിയതിന് അഷ്‌റഫിനെതിരെ പാലക്കാട് ഹേമാംബിക നഗർ പൊലീസ് സ്റ്റേഷനിലും ചാവക്കാട് സ്റ്റേഷനിലും കേസുകളുണ്ട്. ഇതിൽ ജാമ്യത്തിലിറങ്ങിയാണ് വീണ്ടും ലഹരിക്കടത്ത് നടത്തിയത്. പൊലീസ് പരിശോധിക്കുമ്പോൾ സംശയിക്കാതിരിക്കാനാണ് ആന്ധ്രയിൽ നിന്നും കേരളത്തിലേക്കുള്ള യാത്രയിൽ സ്ത്രീകളെ കൂടെ കൂട്ടുന്നത്.

തൃശൂർ ഈസ്റ്റ് ഇൻസ്‌പെക്ടർ പി. ലാൽ കുമാർ, സബ് ഇൻസ്‌പെക്ടർമാരായ ഗീതു മോൾ, ദിവ്യ, ലഹരിവിരുദ്ധ സ്‌ക്വാഡ് സബ് ഇൻസ്‌പെക്ടർ എൻ.ജി. സുവ്രതകുമാർ, പി.എം. റാഫി, കെ. ഗോപാലകൃഷ്ണൻ, പി. രാകേഷ്, സീനിയർ സി.പി.ഒമാരായ ജീവൻ, പളനിസ്വാമി, എം.എസ്. ലികേഷ്, വിപിൻദാസ്, സുജിത്, ആഷിഷ്, ശരത് എന്നിവരാണ് പ്രതികളെ പിടികൂടിയത്.