ഇരിങ്ങാലക്കുട: കനത്ത മഴയിൽ മണ്ഡലത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. പകൽ മഴ കുറഞ്ഞ് വെള്ളം ഇറങ്ങിയെങ്കിലും കനത്ത മഴ സംബന്ധിച്ച മുന്നറിയിപ്പിന്റെ ആശങ്കയിലാണ് ഏവരും. നഗരസഭ ഓഫീസ് പരിസരം, പാർക്ക് വ്യൂ റോഡ്, പേഷ്‌ക്കാർ റോഡ്, ചാലാംപാടം, പെരുവല്ലിപ്പാടം, പൂച്ചക്കുളം, കൊരുമ്പിശ്ശേരി എന്നിവിടങ്ങളെല്ലാം വെള്ളക്കെട്ടിലായി. പെരുവല്ലിപ്പാടത്ത് നേരത്തെ അധികൃതർ മുറിച്ച മരം തോട്ടിൽ വീണുകിടന്നതിനാൽ വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെട്ട് പരിസരത്തെ പത്തോളം വീടുകളിൽ വെള്ളം കയറി.
നാട്ടുകാരുടെ നേതൃത്വത്തിൽ മരം ഉച്ചയോടെ നീക്കം ചെയ്യുകയായിരുന്നു. 39-ാം വാർഡിൽ കല്ലട ബസ് സ്റ്റോപ്പ് പരിസരത്ത് പുത്തൂര് വീട്ടിൽ രമേശിന്റെ വീടിന്റെ പിറകിലുള്ള എഴ് അടി ഉണ്ടായിരുന്ന മതിൽ വീണ് വീട് അപകട ഭീഷണിയിലായി. ആറ് ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. 13-ാം വാർഡിൽ ആസാദ് റോഡിൽ വേളാങ്കണ്ണി നഗറിലെ നാല് വീടുകളും സമാനമായ രീതിയിൽ മതിൽ വീണതിനെ തുടർന്ന് അപകട ഭീഷണിയിലായി. കരുവന്നൂർ പുഴയിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യം കണക്കിലെടുത്ത് തീരത്തുള്ളവർക്കായി കരുവന്നൂർ പ്രിയദർശിനി കമ്മ്യൂണിറ്റി ഹാളിൽ ക്യാമ്പ് ആരംഭിക്കാനുള്ള ഒരുക്കങ്ങൾ അധികൃതർ പൂർത്തീകരിച്ചിട്ടുണ്ട്.
കാറളം പഞ്ചായത്തിൽ കിഴുത്താണി അരണിക്കൽ വീട്ടിൽ അനിൽകുമാർ, കിഴുത്താണി പണിയത്ത് വീട്ടിൽ ലോഹിതാക്ഷൻ എന്നിവരുടെ കിണറുകൾ ഇടിഞ്ഞു. വെള്ളാനി ഗുരുദേവ സ്‌കൂളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിൽ ഒരു കുടുംബത്തിൽ നിന്നായി അഞ്ച് പേർ എത്തിയിട്ടുണ്ട്. ആളൂർ പഞ്ചായത്തിൽ വെള്ളാഞ്ചിറ പ്രദേശത്തെ നാല് വീടുകളിലേക്ക് വെള്ളം കയറി. മുരിയാട് പഞ്ചായത്തിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായിട്ടുണ്ട്. പുല്ലൂർ എസ്.എൻ.ബി.എസ് സമാജം എൽ.പി സ്‌കൂളിലും മുരിയാട് എ.എൽ.പി സ്‌കൂളിലും ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായിട്ടുണ്ട്. വേളൂക്കര പഞ്ചായത്തിൽ തുമ്പൂർ വഴിക്കിലിച്ചിറ പ്രദേശത്തെ നാലു വീടുകളിലേക്ക് വെള്ളം കയറി. ഇവരെ മാറ്റി താമസിപ്പിച്ചു. തുമ്പൂർ എൽ.പി സ്‌കൂളിൽ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചിട്ടുണ്ട്. ഒരു കുടുംബമാണ് ക്യാമ്പിൽ കഴിയുന്നത്. പൂമംഗലം പഞ്ചായത്തിൽ ചേലൂർ തേമാലിത്തറ, എടക്കുളം പെരുംന്തോട് എന്നിവടങ്ങളിലാണ് വെള്ളക്കെട്ടുള്ളത്. കാട്ടൂർ പഞ്ചായത്തിൽ പൊഞ്ഞനം, മതിരപ്പിള്ളി, റോസ് കോളേജ് പരിസരം എന്നിവടങ്ങളിലെ വീടുകളിൽ വെള്ളം കയറി. എടക്കുളം എസ്.എൽ യു.പി സ്‌കൂളിൽ ദുരിതാശ്വസ ക്യാമ്പുകൾ തുറക്കുന്നതിനുള്ള ഒരുക്കങ്ങൾ നടത്തിയിട്ടുണ്ട്. എച്ച്.ഡി.പി സ്‌കൂളിലും ഡോൺബോസ്‌കോ സ്‌കൂളിലും ക്യാമ്പുകൾ ആരംഭിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തീകരിച്ചിട്ടുണ്ട്.
മുകുന്ദപുരം താലൂക്കിൽ 6 ദുരിതാശ്വാസ ക്യാമ്പ് തുറന്നു. 19 കുടുംബങ്ങളിൽ നിന്നായി 62 പേർ ക്യാമ്പുകളിൽ
മുകുന്ദപുരം താലൂക്കിൽ 19 കുടുംബങ്ങളിൽ നിന്നായി 62 പേരെ വിവിധ ക്യാമ്പുകളിൽ പാർപ്പിച്ചിട്ടുണ്ട്. 22 പുരുഷന്മാരും 27 സ്ത്രീകളും, 13 കുട്ടികളും ക്യാമ്പിലുണ്ട്. കാറളം വെള്ളാനി ഗുരുഭവൻ എൽ.പി സ്‌കൂൾ, പുത്തൻച്ചിറ ജി.എൽ.പി.എസ് സ്‌കൂൾ, വേളൂക്കര പഞ്ചായത്തിലെ എസ്.എച്ച്.സി.എൽ.പി.എസ് തുമ്പൂർ, വെള്ളാങ്ങല്ലൂർ തെക്കുംകര മദ്രസ ഹാൾ, പറപ്പൂക്കര പഞ്ചായത്തിലെ ജെ.യു.പി.എസ് പന്തല്ലൂർ, പുതുക്കാട് സെന്റ് സേവിയേഴ്‌സ് യു.പി സ്‌കൂൾ എന്നിവിടങ്ങളിലാണ് ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചത്. ക്യാമ്പുകളിൽ വൈദ്യ പരിശോധനയ്ക്ക് ഡോക്ടർമാരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. മഴയുടെ സ്ഥിതിയനുസരിച്ച് കൂടുതൽ ക്യാമ്പുകൾ തുറക്കാനുള്ള സജ്ജീകരണത്തിലാണ് അധികൃതർ. സിവിൽ സ്റ്റേഷനിലെ താലൂക്ക് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവൃത്തിക്കുന്ന കൺട്രോൾ റൂമും ആരംഭിച്ചിട്ടുണ്ട്.
വെള്ളാങ്ങല്ലൂരിൽ 22 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു
വെള്ളാങ്ങല്ലൂർ പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് മുസാഫരിക്കുന്നിൽ മണ്ണിടിച്ചിൽ ഭീഷണി തേടുന്ന പ്രദേശത്തെ 22 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. 16 കുടുംബങ്ങളെ ബന്ധുവീടുകളിലേക്കും ആറ് കുടുംബങ്ങളെ മുസാഫരിക്കുന്ന് മദ്രസ ഹാളിലാരംഭിച്ച ദുരിതാശ്വാസ ക്യാമ്പിലേക്കുമാണ് മാറ്റിയത്. അടിയന്തിര ഘട്ടങ്ങളിൽ ബന്ധപ്പെടുന്നതിനായി പഞ്ചായത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചു. ഓഡിയോ വീഡിയോ സന്ദേശങ്ങളും മൾട്ടി കളർ ബ്രോഷറും ഉപയോഗിച്ച് സോഷ്യൽ മീഡിയവഴി ബോധവത്കരണ സന്ദേശങ്ങൾ നൽകുന്നുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് എം.എം. മുകേഷിന്റെ നേതൃത്വത്തിൽ നടന്ന ദുരിതാശ്വാസ പുനരധിവാസ പ്രവർത്തനങ്ങളിൽ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അദ്ധ്യക്ഷൻ ഷറഫുദ്ദീൻ, സെക്രട്ടറി റിഷി. കെ, ജൂനിയർ സൂപ്രണ്ട് സാബുരാജ്, ജോയ്‌സൺ, എ. താരിഖ്ബാബു എന്നിവരും പങ്കെടുത്തു.
കരുവന്നൂർ പുഴയിലെ കുത്തൊഴുക്കിക്കിൽ മത്സ്യക്കൃഷി കൂട് ഒലിച്ച് പോയി
ഇരിങ്ങാലക്കുട: കരുവന്നൂർ പുഴയിൽ വെള്ളാനി നന്തി പ്രദേശത്ത് മത്സ്യക്കൂട് കൃഷി നടത്തിയ കർഷകരുടെ കൂടുകൾ ഇന്നലെയുണ്ടായ മഴവെള്ള കുത്തൊഴുക്കിൽ ഒലിച്ചുപോയി. അഖിൽ ലക്ഷ്മണൻ, സിജോ ഫ്രാൻസിസ് എന്നിവരുടെ കൂടുകളാണ് ഒലിച്ചുപോയത്.
നാല് കൂടുകൾക്കാണ് നാശനഷ്ടം സംഭവിച്ചത്. തിലേപ്പിയ, കരിമീൻ ഇനത്തിൽപ്പെട്ട നിരവധി മീൻ കുഞ്ഞുങ്ങൾ നഷ്ടപ്പെട്ടു.
പന്ത്രണ്ട് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി കർഷകർ പറഞ്ഞു.