പുതുക്കാട്: പുതുക്കാട് സിഗ്‌നൽ ജംഗ്ഷനിൽ മേൽപ്പാലം നിർമ്മിക്കണമെന്ന് പഞ്ചായത്ത് യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് നേരത്തെ പൊതുപ്രവർത്തകരായ ജോയ് മഞ്ഞളി, വിജു തച്ചംകുളം എന്നിവർ പഞ്ചായത്തിന് നിവേദനം നൽകിയിരുന്നു. വിവരാവകാശ നിയമമനുസരിച്ച് പഞ്ചായത്തിൽ നിന്നും നൽകിയ മറുപടിയിലാണ് പഞ്ചായത്ത് ഭരണ സമിതി ഇതു സംബന്ധിച്ച് അനുകൂലമായ പ്രമേയം പാസാക്കിയതായി വ്യക്തമാക്കിയിട്ടുള്ളത്. ദേശീയപാത അതോറിറ്റി അടിപ്പാത നിർമ്മാണത്തിനായി സ്ഥലം ഏറ്റെടുക്കുകയും രൂപരേഖ തയ്യാറാക്കുകയും ചെയ്തിരുന്നു. നിർമ്മാണം ആരംഭിക്കാത്തതിനെ തുടർന്ന് കെ.കെ. രാമചന്ദ്രൻ എം.എൽ.എ നിയമസഭയിൽ സബ്മിഷനും ഉന്നയിച്ചിരുന്നു. ദേശീയപാത ആറുവരിയായി വികസിപ്പിക്കുന്ന പ്രവൃത്തികൾ നടക്കുമ്പോൾ മാത്രമാണ് അടിപ്പാത വേണ്ടത്ര മാറ്റങ്ങളോടെ നിർമ്മിക്കുക എന്നാണ്് ചോദ്യത്തിന് മറുപടിയായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞത്. ഇതിനിടെ മേൽപ്പാലം തന്നെ വേണമെന്നുള്ള പഞ്ചായത്തിന്റെ പ്രമേയം ശ്രദ്ധേയമായി. ജൂൺ 20നാണ് ഈ ആവശ്യത്തിൽ യോഗം ചേർന്ന് പഞ്ചായത്ത് അടിയന്തര പ്രമേയം പാസാക്കിയത്.