ചെറുതുരുത്തി: ഭാരതപ്പുഴയിൽ ശക്തമായ നീരൊഴുക്ക് അനുഭവപ്പെടുന്നത് മൂലം ഭാരതപ്പുഴയുടെ സമീപം താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ വിഭാഗം അധികൃതർ അറിയിച്ചു. വെള്ളത്തിന്റെ അളവ് വാണിംഗ് ലെവലിലേക്ക് അടുത്തു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ജാഗ്രതാ നിർദ്ദേശം. ചെറുതുരുത്തി കൊച്ചിൻ പാലത്തിനു സമീപം വിനോദ സഞ്ചാരികൾ പുഴയിലിറങ്ങുന്നത് താത്കാലികമായി വിലക്കിയതായും വള്ളത്തോൾ നഗർ പഞ്ചായത്ത് അധികൃതർ അറിയിച്ചു. മഴ ശക്തമായതിനേത്തുടർന്ന് ഭാരതപ്പുഴയിലെ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ചെറുതുരുത്തി ഭാഗങ്ങളിൽ ഭാരതപ്പുഴ ഇരുകരകളും മുട്ടി നിറഞ്ഞൊഴുകുകയാണ്. ഇതേത്തുടർന്ന് ചെറുതുരുത്തി കൊച്ചിൻ പാലത്തിൽ നിരവധി പേരാണ് ഭാരതപ്പുഴ നിറഞ്ഞൊഴുകുന്നത് കാണാനെത്തുന്നത്. വെള്ളം കുത്തിയൊലിച്ച് വരുന്നതിനേത്തുടർന്ന് പഴയ കൊച്ചിൻ പാലം പൂർണമായും തകരുമോയെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.