കൊടുങ്ങല്ലൂർ: മഴ കനക്കുന്ന സാഹചര്യത്തിൽ തീരത്തിന്റെ സൈന്യം വീണ്ടും അരങ്ങത്തേയ്ക്ക്. 2019ലെ പ്രളയകാലത്ത് ആദ്യമായി രക്ഷാപ്രവർത്തനത്തിന് വള്ളമിറക്കിയ അഴീക്കോട്ടെ മത്സ്യത്തൊഴിലാളികൾ ഇക്കുറിയും സന്നദ്ധ പ്രവർത്തനത്തിനായി ഇറങ്ങി. മഴയെ തുടർന്ന് ഡാമുകൾ തുറക്കുകയും ചാലക്കുടിപ്പുഴയിലെ ജലനിരപ്പ് ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് അഴീക്കോട്ടെ മത്സ്യത്തൊഴിലാളികൾ വള്ളവുമായി പുറപ്പെട്ടത്. ഹാരിസ് പള്ളിപ്പറമ്പിലിന്റെ നേതൃത്വത്തിൽ ദുരന്ത നിവാരണ അതോറിറ്റി ചെയർമാനായ കളക്ടറുടെ നിർദ്ദേശപ്രകാരമാണ് രക്ഷാപ്രവർത്തനത്തിനായി ഇവർ രംഗത്തിറങ്ങിയത്. കടലോര ജാഗ്രതാ സമിതി, അഴീക്കോട് കോസ്റ്റൽ പൊലിസ്, എറിയാട് പഞ്ചായത്ത് എന്നിവരുടെ നിർദ്ദേശപ്രകാരം ഒരു ഫൈബർ വള്ളവുമായാണ് സംഘം അഴീക്കോട് ജെട്ടിയിൽ നിന്നും കഴിഞ്ഞ രാത്രി ചാലക്കുടിയിലേക്ക് യാത്ര തിരിച്ചത്. മത്സ്യതൊഴിലാളികളായ ഷിഹാബ് പള്ളിപ്പറമ്പിൽ, ഇ.ആർ. ഷാജി, ഷിയാസ്, നാസർ എന്നിവരാണ് ആദ്യ സംഘത്തിൽ പുറപ്പെട്ടത്. വളണ്ടിയർ ക്യാപ്ടൻ ഹാരിസും എട്ടുപേരും പുലർച്ചെ പുറപ്പെട്ടു. എറിയാട് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജൻ, വൈസ് പ്രസിഡന്റ് പ്രസിന റാഫി, നൗഷാദ് കറുകപ്പാടത്ത്, അഷറഫ് പൂവ്വത്തിങ്കൽ തുടങ്ങിയവർ ചേർന്ന് സംഘത്തെ യാത്രയാക്കി. ആവശ്യമെങ്കിൽ കൂടുതൽ വള്ളങ്ങൾ പുറപ്പെടാൻ തയ്യാറാണെന്ന് മത്സ്യത്തൊഴിലാളികൾ അറിയിച്ചു.