
തൃശൂർ : ഇന്നലെ ജില്ല ഓറഞ്ച് അലെർട്ടിലേക്ക് മാറിയെങ്കിലും മഴയ്ക്ക് ശമനമില്ല. രാവിലെ അൽപ്പം മാറി നിന്നെങ്കിലും ഉച്ചയോടെ നഗരത്തിലടക്കം ശക്തമായ മഴയായി. ചാലക്കുടി പുഴയിൽ ജലനിരപ്പ് അൽപ്പം താണിട്ടുണ്ടെങ്കിലും മഴ ശക്തമായിരുന്നു. തീരദേശത്തെ വെള്ളക്കെട്ട് പൂർണ്ണമായി ഒഴിവായിട്ടില്ല. തീരമേഖലയിലുള്ളവരാണ് കൂടുതൽ ദുരിതാശ്വാസ കേന്ദ്രങ്ങളിലുള്ളത്. പി.വെമ്പല്ലൂരിൽ എം.ഇ.എസ് സ്‌കൂൾ ക്യാമ്പിൽ 217 പേരും ചാലക്കുടി മേലൂർ ഡിവൈൻ റിട്രീറ്റ് സെന്റർ ദുരിതാശ്വാസ ക്യാമ്പിൽ 207 പേരുമെത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ചേറ്റുവ അഴിമുഖത്ത് മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഫൈബർ വള്ളം മറിഞ്ഞ് കാണാതായ രണ്ട് പേരെ ഇന്നലെയും കരയ്‌ക്കെത്തിക്കാൻ സാധിച്ചില്ല. ആറ് പേരാണ് വള്ളത്തിലുണ്ടായിരുന്നത്. ഇതിൽ നാലു പേർ രക്ഷപ്പെട്ടു. പുതുക്കാട് മീൻപിടിക്കാൻ പോയ മദ്ധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കണ്ണമ്പത്തൂർ ഉഴിഞ്ഞാൽ പാടത്ത് മീൻ പിടിക്കാൻ പോകവേ കാണാതായ തൊറവ് പുത്തൻ പുരയ്ക്കൽ വർഗീസ് മകൻ ബാബുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മഴ മുന്നറിയിപ്പ് ഓറഞ്ചായതോടെ ഇന്ന് വിദ്യാഭ്യാസ സ്ഥപനങ്ങൾ തുറന്ന് പ്രവർത്തിക്കും.
ഹാം റേഡിയോ ഓപ്പറേറ്റർമാർ
ദുരന്ത നിവാരണ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിന് 17 ഹാം റേഡിയോ ഓപ്പറേറ്റർമാരെ നിയമിച്ചു. എല്ലാ താലൂക്കുകളിലും ഹാം റേഡിയോ ഓപ്പറേറ്റർമാരുടെ സേവനം നിലവിൽ ലഭ്യമാണ്. ജില്ലയിൽ മഴ ശക്തിപ്പെടുന്ന സാഹചര്യത്തിൽ ഏതെങ്കിലും കാരണവശാൽ വാർത്താവിനിമയ സംവിധാനം വിച്ഛേദിക്കപ്പെട്ടാൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് തടസം നേരിടാതിരിക്കാനാണ് ഹാം റേഡിയോ ഓപ്പറേറ്റർമാരെ നിയമിച്ചത്.
13 വീടുകൾ തകർന്നു
മഴമൂലം കഴിഞ്ഞ 24 മണിക്കൂറിൽ ഭാഗികമായി തകർന്നത് 13 വീടുകൾ. ചാവക്കാട് താലൂക്കിൽ ആറ്, തൃശൂർ മൂന്ന്, കൊടുങ്ങല്ലൂർ രണ്ട്, മുകുന്ദപുരത്തും ചാലക്കുടിയിലും ഓരോ വീടുകളാണ് തകർന്നത്.
ക്യാമ്പിലേക്ക് മാറിയവർ
1536 പേർ
കുടുംബങ്ങൾ
470
സ്ത്രീകൾ
630
കുട്ടികൾ
256
അതിഥി തൊഴിലാളികൾ
43.
ഭീതിയൊഴിയാതെ ചാലക്കുടി
ചാലക്കുടി: കനത്ത മഴ ഒഴിഞ്ഞെങ്കിലും പ്രളയ ഭീതി വിട്ടുമാറാതെ ചാലക്കുടി. കഴിഞ്ഞ ദിവസം ഏഴ് മീറ്ററിൽ കൂടുതൽ ജലനിരപ്പുയർന്ന ചാലക്കുടിപ്പുഴ ഇനിയും ശാന്തമാകാത്തതാണ് ജനങ്ങളെ അലട്ടുന്നത്.
കാലാവസ്ഥ പ്രവചനത്തിൽ നേരത്തെ ജില്ലയിൽ ബുധനാഴ്ചയാണ് കനത്ത മഴയുടെ മുന്നറിയിപ്പുണ്ടായിരുന്നത്. ഈ സാഹര്യത്തിൽ മൂടിക്കെട്ടിയ ആകാശവും ഇടവിട്ട് പെയ്യുന്ന മഴയും നാട്ടിലും മലയോര മേഖലയിലും ഭീതി പരത്തുന്നുണ്ട്. ചൊവ്വാഴ്ച ഉയർന്ന പ്രദേശങ്ങളിൽ കയറിയ വെള്ളം ഇങ്ങിയിട്ടുണ്ട്. എന്നാൽ മറ്റിടങ്ങളിലെ വെള്ളക്കെട്ടിന് ഇനിയും ശമനമില്ല. അതിരപ്പിള്ളി റോഡിലെ കാഞ്ഞിരപ്പിള്ളിയിൽ നിന്നും വെള്ളമിറങ്ങി. ഇതേസമയം കാടുകുറ്റിയിലെ ചാത്തൻചാൽ, കൊരട്ടിയിലെ ചെറുവാളൂർ എന്നിവിടങ്ങളിൽ ഇപ്പോഴും മലവെള്ളം ഒഴിയാത്ത സ്ഥിതിയാണ്.
ചൊവ്വാഴ്ച രാത്രിയോടെ പുതുതായി ആരംഭിച്ചത് അടക്കം ചാലക്കുടി താലൂക്കിന്റെ പരിധിയിൽ 18 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. 174 കുടുംബങ്ങളിൽ നിന്നായി 653 ആളുകൾ കഴിയുന്ന ക്യാമ്പുകളിൽ ഭക്ഷണവും വസ്ത്രങ്ങളും കൃത്യമായെത്തിക്കുന്നുണ്ടെന്ന് തഹസിദാർ ഇ.എൻ.രാജു അറിയിച്ചു. ചാലക്കുടിയിലെ കോട്ടാറ്റും, കാാടുകുറ്റിയിലെ കാതിക്കുടത്തും അതിഥി തൊഴിലാളികൾക്കായാണ് ക്യാമ്പ് പ്രവർത്തിക്കുന്നത്. നാല് മീറ്റർ കുറഞ്ഞ് പെരിങ്ങൽക്കുത്ത് ഡാമിലെ ജലനിരപ്പ് 417 മീറ്ററിലെത്തി.
മുകളിലെ ജലസംഭരണികളിൽ നിന്നും കൂടുതൽ വെള്ളമെത്തുമെന്ന കണക്കുകൂട്ടലിൽ ഇവിടെ ഷട്ടറുകൾ കാര്യമായി താഴ്ത്തിയിട്ടില്ല. ഇതേ സമയം ഷോളയാർ ഡാമിൽ ഇപ്പോൾ 86 ശതമാനം വെള്ളമുണ്ട്. കഴിഞ്ഞ വർഷം ഇന്നേ ദിവസം വെള്ളം 79 ശതമാനമായിരുന്നു. ടി.ജെ.സനീഷ്കുമാർ എം.എൽ.എയും വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരും കാലവർഷക്കെടുതിയെ നേരിടാൻ രംഗത്തുണ്ട്.
ചാലക്കുടിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് അവധി
തൃശൂർ: കനത്ത മഴ തുടരുന്ന ചാലക്കുടി താലൂക്കിലെ അങ്കണവാടികൾ അടക്കം നഴ്സറി തലം മുതൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയായിരിക്കുമെന്ന് കളക്ടർ ഹരിത വി.കുമാർ അറിയിച്ചു. റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല. ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കും.