നന്തിക്കര: മാഞ്ഞാംകുഴി ഷട്ടറിൽ മരങ്ങൾ അടിഞ്ഞുകൂടി വീടുകളിലേക്ക് വെള്ളം കയറാൻ ഇടയായ സംഭവത്തിൽ സമയബന്ധിതമായി മരങ്ങൾ മാറ്റാതിരിക്കുകയും പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റി്‌നോട് മോശമായി പെരുമാറുകയും ചെയ്ത കരാറുകാരനെതിരെ ജല വിഭവ വകുപ്പ് മന്ത്രിക്ക് പരാതി നൽകി. പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് ആണ് കരാറുകാരൻ കനകമല തെക്കൂട്ട് വീട്ടിൽ കൃഷ്ണ പ്രണവിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട് പരാതി അയച്ചത്.
കുറുമാലി പുഴയിലെ ജലം വാർണിംഗ് ലെവൽ കഴിഞ്ഞ് ക്രമാതീതമായി ഉയരാൻ തുടങ്ങിയ സാഹചര്യത്തിൽ ചൊവ്വാഴ്ച രാവിലെ മുതൽ മാഞ്ഞാംകുഴി ഷട്ടറിൽ അടിഞ്ഞു കൂടിയ മരങ്ങൾ ഉടനെ നീക്കാനായി ബന്ധപ്പെട്ട ഇറിഗേഷൻ അസി. എൻജിനിയറോടും അസി. എക്‌സിക്യുട്ടിവ് എൻജിനിയറോടും പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. ഷട്ടറിൽ അടിയുന്ന മരങ്ങൾ നീക്കാൻ കരാർ എടുത്തിട്ടുള്ള കൃഷ്ണ പ്രണവിനെ ബന്ധപ്പെട്ടെങ്കിലും അദ്ദേഹം ഫോൺ എടുത്തില്ല. ഉച്ചയോടെ ഇയാളെ ഫോണിൽ കിട്ടിയെങ്കിലും പഞ്ചായത്ത് പ്രഡിഡന്റിനോട് മോശമായ രീതിയിൽ ആണ് പ്രതികരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 4 ഓടെ 4 ജോലിക്കാക്കാരുമായി എത്തിയാണ്് കൃഷ്ണപ്രണവ് ഷട്ടറിലെ മരങ്ങൾ നീക്കാൻ തുടങ്ങിയത്. പിന്നീടാണ് ക്രയിൻ എത്തിച്ചത്. ചൊവ്വാഴ്ച രാത്രി 9 മണിക്കും ഷട്ടറിൽ അടിഞ്ഞു കൂടിയ മരങ്ങൾ മുഴുവനും നീക്കി കഴിഞ്ഞിട്ടില്ലായിരുന്നു. തുടർന്നാണ് പ്രസിഡന്റ് മന്ത്രി റോഷി ആഗസ്റ്റിന് പരാതി നൽകിയത്.