മുല്ലശ്ശേരി: മഴക്കെടുതിയുടെ ഭാഗമായി മുൻകരുതലുകൾ സ്വീകരിക്കാൻ മുല്ലശ്ശേരി പഞ്ചായത്ത് അംഗങ്ങളുടെ അടിയന്തര യോഗം തീരുമാനിച്ചു. പ്രസിഡന്റ് ശ്രീദേവി ജയരാജൻ അദ്ധ്യക്ഷത വഹിച്ചു. അപകട ഭീഷണിയുള്ള പ്രദേശങ്ങൾ, വീടുകൾ, മാറ്റിത്താമസിപ്പിക്കേണ്ട കുടുംബങ്ങൾ തുടങ്ങിയ വിവരങ്ങൾ ശേഖരിക്കുകയും ആവശ്യമായ സാഹചര്യത്തിൽ ക്യാമ്പുകൾ സജ്ജമാക്കുന്നതിനും തീരുമാനിച്ചു. സുരക്ഷിതമല്ലാത്ത വീടുകളിൽ നിന്നും ബന്ധുവീടുകളിലേയ്‌ക്കോ ക്യാമ്പുകളിലേയ്‌ക്കോ മാറിത്താമസിക്കുന്നതിന് കത്ത് നൽകും. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറക്കും. മണ്ണിടിച്ചിൽ സാദ്ധ്യതയുള്ള പ്രദേശങ്ങളിലെ നടപടികളിലെ കാലതാമസം പ്രദേശത്ത് അപകടഭീഷണി വർദ്ധിപ്പിക്കുന്നതിനാൽ നടപടികൾ ത്വരിതപ്പെടുത്താൻ ജിയോളജി വകുപ്പിനോട് ആവശ്യപ്പെട്ടു.