ചാലക്കുടി: ഇക്കുറിയും കയറിയും ഇറങ്ങിയും മലവെള്ളം... ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് നെട്ടോട്ടവും വീടുകളിലേക്ക് തിരിച്ചുകയറ്റവും. ചാലക്കുടി നഗരസഭയിലെ കുട്ടാടൻപാടം കോളനിക്കാർ വർഷങ്ങളായി അനുഭവിക്കുന്ന ദുരിതമാണിത്. ഇക്കുറിയും ഇവിടുത്തെ ഒമ്പത് കുടുംബങ്ങൾക്ക് വീടു വിട്ടിറങ്ങേണ്ടി വന്നു. സമീപത്തെ ഹാളിലേക്കാണ് ഇവരെ മാറ്റിയത്. വെള്ളം ഇറങ്ങിയതിനെ തുടർന്ന് രണ്ടു കുടുംബങ്ങൾ തിരിച്ചെത്തി വൃത്തിയാക്കലും തുടങ്ങി. എന്നാൽ ചളിയും മറ്റും നിറഞ്ഞു കിടക്കുന്ന താഴെയുള്ള ഭാഗത്തെ വീട്ടുകാർക്ക് ഇനിയും തിരിച്ചെത്താനായില്ല. എല്ലാ വീടുകളിലും മണ്ണും ചളിയും നിറഞ്ഞിരിക്കുകയാണ്. ഇതെല്ലാം നീക്കം ചെയ്യൽ ഇവർക്ക് ഭഗീരഥ പ്രയത്‌നമാകും. 2016 മുതൽ തുടങ്ങിയതാണ് ആവർത്തിച്ചുള്ള ഇത്തരം ദുരിതം. പ്രളയകാലത്ത് ഇടവിട്ട് നാലു തവണ ഇവർക്ക് വീടു വിട്ടിറങ്ങേണ്ടി വന്നു. പലവട്ടം വെള്ളം കയറിയത് പല വീടുകളുടേയും ഉറപ്പിനെ ബാധിച്ചിട്ടുണ്ട്. 2000 മുതലാണ് കുട്ടാടൻപാടത്ത് വീടുകൾ വച്ചുതുടങ്ങിയത്. ഈ കാലഘട്ടത്തിൽ പ്രദേശത്ത് മലവെള്ളം എത്തുന്ന പ്രവണത ഇല്ലായിരുന്നു. എന്നാൽ അതിന് മുമ്പ് സ്ഥിരമായി വർഷത്തിൽ പലവട്ടവും വെള്ളം കയറാറുമുണ്ട്്. ഇനി വെള്ളം എത്തില്ലെന്ന് ഉറപ്പിച്ചാണ് ആളുകൾ പാടശേഖരത്ത് വീടു പണിയാൻ തുടങ്ങിയത്. എന്നാൽ ഇപ്പോൾ ഇവരെല്ലാം ഏറെ ക്ലേശത്തിലാണ്. ദുരിതത്തിന് പരിഹാരമുണ്ടാകാൻ ദീർഘ വീക്ഷണത്തോടെയുള്ള പദ്ധതി ആവിഷ്‌ക്കണമെന്നാണ് ഇവിടത്തുകാരുടെ ആവശ്യം.