 
തൃശൂർ: മഴവെള്ളപ്പാച്ചിലും ഡാമുകളിൽ നിന്ന് ഒഴുകിയെത്തുന്ന വെള്ളവും ചേർന്ന് ചാലക്കുടിപ്പുഴയുടെ ജലനിരപ്പ് അടിക്കടി ഉയരുന്നതിനാൽ അതീവ ആശങ്ക. ജില്ലയിലെ മറ്റിടങ്ങളിലും മഴക്കെടുതി രൂക്ഷം.
കനത്ത മഴയ്ക്ക് പിന്നാലെ പീച്ചി, ചിമ്മിനി ഡാമുകളുടെ ഷട്ടറുകൾ കൂടുതൽ ഉയർത്തിയതോടെ കുഴുമാലി, മണലിപ്പുഴ, കരുവന്നൂർ പുഴകളുടെ തീരത്ത് താമസിക്കുന്ന നിരവധി വീടുകളിൽ വെള്ളം കയറി. ചിമ്മിനി ഡാമിന്റെ നാല് ഷട്ടറുകളും ഇന്നലെ 2.5 സെന്റിമീറ്റർ കൂടി ഉയർത്തി. ഇതോടെ എല്ലാ ഷട്ടറുകളും 17.5 സെന്റീമീറ്റർ ഉയർത്തിയിട്ടുണ്ട്.
കനോലികനാലും നിറഞ്ഞുകവിഞ്ഞതോടെ തീരദേശത്തും കടുത്ത വെള്ളക്കെട്ടുണ്ട്. കഴിഞ്ഞദിവസം രാത്രി ആരംഭിച്ച മഴ ഇന്നലെ പകലും രാത്രിയും പെയ്തു. തീവ്രമഴ മുന്നറിയിപ്പിനെ തുടർന്ന് ഇന്നലെ രാവിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയിരുന്നു.
ഭീതിയിൽ ചാലക്കുടി
നൂറിലേറെ കുടുംബങ്ങളെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിച്ചിട്ടുണ്ട്. തമിഴ്നാട് ഷോളയാറിൽ നിന്നും കേരള ഷോളയാറിലേക്കുള്ള ജലത്തിന്റെ ഒഴുക്ക് കൂടിയതും കേരള ഷോളയാറിന്റെ മൂന്ന് ഷട്ടറുകൾ തുറന്നതുമാണ് ചാലക്കുടിപ്പുഴയിൽ ജലനിരപ്പ് അപകടകരമായ നിലയിൽ ഉയർന്നതിന് കാരണം. ഇതോടെ ചാലക്കുടി മേഖലയിലെ നിരവധി പഞ്ചായത്തുകൾ പ്രളയഭീതിയിലാണ്.
മഴ മുന്നറിയിപ്പ് വന്നത് മുതൽ ചാലക്കുടി പുഴയുടെ തീരത്ത് താമസിക്കുന്നവർ മാറണമെന്ന കർശനനിർദ്ദേശം ജില്ലാ ഭരണകൂടം നൽകിയിരുന്നു. ഇതിന് ആവശ്യമായ സജ്ജീകരണങ്ങളും ഒരുക്കിയിരുന്നു. ഇന്നലെ രാവിലെ മുതൽ മുഖ്യമന്ത്രി, മന്ത്രി കെ. രാജൻ, കളക്ടർ ഹരിത വി. കുമാർ എന്നിവർ മുന്നറിയിപ്പ് നൽകി. ജില്ലയിലെ മുപ്പതോളം സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ ഭീഷണിയുണ്ട്.
വാഴാനി ഒഴികെയുള്ള ഡാമുകളെല്ലാം തുറന്നു
വാഴാനി ഒഴികെ ജില്ലയിലെ ഡാമുകളെല്ലാം തുറന്നു. മന്ത്രിമാരും ജില്ലാഭരണകൂടവും നേരിട്ടിറങ്ങിയാണ് അപകട ഭീഷണിയുള്ള സ്ഥലങ്ങളിൽ നിന്ന് ആളുകളെ മാറ്റിത്താമസിപ്പിക്കാൻ നിർദ്ദേശം നൽകിയത്.
പാമ്പൂർ തോട് കരകവിഞ്ഞ് തിരവധി വീടുകളിൽ വെള്ളം കയറി, വിയ്യൂർ പുഴയും കര കവിഞ്ഞ് സമീപ പ്രദേശങ്ങളിൽ വെള്ളം കയറി. കല്ലൂർ ഭരത ഷേത്രം ജലസേചന കനാൽ പരിസരത്ത് മരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു. ചെമ്പൂത്ര കൊടുങ്ങല്ലൂർക്കാവ് ഭഗവതി ക്ഷേത്രം ഹാളിലേക്ക് കാലവർഷക്കെടുതിയിൽ മൂലം ദുരിതം അനുഭവിക്കുന്ന വീട്ടുകാരെ മാറ്റി താമസിപ്പിച്ചു.
പ്രളയപ്പെരുമയിൽ ചാലക്കുടിപ്പുഴ
ചാലക്കുടി: 2018ലെ പ്രളയത്തിന് ശേഷം ചാലക്കുടിപ്പുഴയുടെ പെരുമയെത്താത്ത സ്ഥങ്ങളില്ല. മലയാളികളുള്ള എല്ലായിടത്തും ഇന്ന് അതിരപ്പിള്ളിക്ക് ജന്മം നൽക്കുന്ന ഈ പുഴക്കുറിച്ച് അറിയാം. നിരവധി ജലസംഭരണികളെ ആവാഹിച്ച് ഒഴുകുന്ന പുഴയുടെ കലിതുള്ളലിൽ ഒരു ജനതയുടെ ജീവിതം വഴിമുട്ടിയതെല്ലാം ഇന്നലകളുടെ ബാക്കി പത്രം.
പ്രളയത്തിന്റെ കുത്തൊഴുക്കിലായിരുന്നു പെരിങ്ങൽക്കുത്തിലേക്കും അവിടെ നിന്നും ചാലക്കുടിപ്പുഴയിലേക്കും വെള്ളം എത്തുന്ന ഡാമുകളെക്കുറിച്ച് പൊതുജനം അറിയാൻ തുടങ്ങിയത്. 220 ചതുരശ്ര കിലോ മീറ്റർ വിസ്തീർണമുള്ള പാലക്കാട് ജില്ലയിലെ പറമ്പിക്കുളം ജലസേചന പദ്ധതിയിൽ മഴക്കാലത്ത് പെരിങ്ങൽക്കുത്തിലേക്ക് വെള്ളം തുറന്നിടുന്നത് പതിവാണ്. ഇതിനു പുറമേ പാലക്കാട് തന്നെയുള്ള 50 ചതുരശ്ര കിലോമീറ്ററിലെ തൂണക്കടിവിലെയും വെള്ളം പൊരിങ്ങൽക്കുത്ത് ഡാമിലേക്ക് വിടും.
ഇതേ വിസ്തൃതിയുള്ള തൊട്ടടുത്ത പെരുവാരിപള്ളം കാർഷിക പദ്ധതിയിലെ വെള്ളവും വർഷക്കാലത്ത് ഇവിടേക്ക് തന്നെയെത്തും. പാലക്കാട് ജില്ലയിലാണ് ഈ ഡാമുകളെങ്കിലും പറമ്പിക്കുളം - ആളിയാർ കരാർ പ്രകാരം ഇവയുടെ നിയന്തണം തമിഴ്നാടിനാണ്. ഇതിനു പുറമെ 65 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള കേരള ഷോളയാറിലെ വെള്ളവും 15 കിലോ മീറ്റർ താഴെയുള്ള പൊരിങ്ങൽക്കുത്തിലേക്കാണ് ഒഴുകിയെത്തുക. കൂടാതെ തമിഴ്നാട് ഷോളയാറിലെ കുറെ വെള്ളം ലോവർ ഷോളയാറിലെത്തും. മഴക്കാലത്ത് അപ്പർ ഷോളയാറിൽ നിന്നും പറമ്പിക്കുളത്തു വരുന്ന വെള്ളവും ഒടുവിൽ പെരിങ്ങലിലാണ് എത്തുക. ഇവയുടെ അവസാമനത്തെ കൂടിച്ചേരൽ ചാലക്കുടിപ്പുഴയിലേക്കും. ഇങ്ങനെയാണ് വർഷക്കാലത്ത് ചാലക്കുടിപ്പുഴയിൽ ഇത്രയേറെ വെള്ളം ഉയരുന്നത്.
ചാലക്കുടിപ്പുഴയിലെ ജലനിരപ്പ് (മീറ്ററിൽ)
 ആഗസ്റ്റ് 2 - 7.12
 ആഗസ്റ്റ് 4 രാത്രി 9ന് - 7.1
 മുന്നറിയിപ്പ് അളവ് - 7.1
 അപകടകരമാകുന്ന അളവ് - 8.1
 2019 വെള്ളപ്പൊക്ക വേളയിൽ - 7.7
 പ്രളയകാലത്ത് - 10.55
മഴ വാർത്ത
7 വീടുകൾ തകർന്നു
തൃശൂർ താലൂക്ക് - 5
ചാവക്കാട് - 1
കുന്നംകുളം -1
മാറ്റി പാർപ്പിച്ചു
പീച്ചി ഡാമിൽ നിന്ന് വെള്ളം തുറന്ന് വിട്ടതിനാൽ പാണഞ്ചേരി, പുത്തൂർ പഞ്ചായത്തുകളിൽ നിന്ന് ആളുകളെ മാറ്റി പാർപ്പിച്ചു. പുത്തൂർ പഞ്ചായത്ത് വെള്ളം കയറിയ പുഴമ്പളളം ഭാഗത്തുള്ളവരെയും പാണഞ്ചേരി പഞ്ചായത്തിലെ കണ്ണാറ ഭാഗത്ത് നിന്നുമാണ് ആളുകളോട് മാറാൻ പറഞ്ഞിരിക്കുന്നത്. അംഗൻവാടി, ബന്ധുവീടുകൾ എന്നിവിടങ്ങളിലേക്കാണ് മാറിയിരിക്കുന്നത്.
ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർ
കുടുംബങ്ങൾ - 536
ആളുകൾ - 1685
മഴക്കണക്ക് (മില്ലിമീറ്ററിൽ)
പാണഞ്ചേരി - 155 മില്ലി മീറ്റർ
ഏനാമാക്കൽ - 132.6
പീച്ചി - 130
ചാലക്കുടി - 128.4
തുമ്പൂർമുഴി - 128.2
ചിമ്മിനി - 124.8
വെള്ളാനിക്കര - 122.5
വാണിയമ്പാറ - 122
ഒല്ലൂക്കര - 114.3
വിലങ്ങൻകുന്ന് - 106.5
(തൃപ്രയാർ, വരന്തരപ്പിള്ളി, വൈന്തല, ഇരിങ്ങാലക്കുട എന്നിവിടങ്ങളിലും നൂറു മില്ലി മീറ്ററിന് മുകളിൽ മഴ ലഭിച്ചു)
ചാലക്കുടി ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ ജലനിരപ്പ് ഉയരുന്നുണ്ട്. അതിനാൽ ജില്ലാ ഭരണകൂടവും പ്രദേശിക ഭരണ സമിതികളും നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കണം. എല്ലാവരും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം. അതിന് ആവശ്യമായ സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
- ഹരിത വി. കുമാർ, കളക്ടർ