1
ജി.​എ​സ്.​ ​പ​ണി​ക്കർ

തൃശൂർ: ഗൗരവത്തിൽ കണ്ടിരുന്നെങ്കിലും ജി.എസ്. പണിക്കരെ സിനിമ ഒരിക്കലും ഭ്രമിപ്പിച്ചിരുന്നില്ല. സിനിമയിലെ പുതിയ മാറ്റങ്ങളോടുള്ള വിയോജിപ്പും അദ്ദേഹം പലപ്പോഴും തുറന്നുപറഞ്ഞു. എന്നാൽ ചില മാറ്റങ്ങളെ നല്ലതായി കണ്ടും അദ്ദേഹം പ്രതികരിച്ചു.

'ഞാൻ സിനിമയെടുത്തിരുന്ന കാലത്ത് മിക്ക സംവിധായകരും നടീനടൻമാർക്ക് അഭിനയിച്ചു കാണിക്കുമായിരുന്നു. അവർക്ക് കഴിവ് തെളിയിക്കാൻ പൂർണസ്വാതന്ത്ര്യം ലഭിച്ചിരുന്നില്ല. ഇപ്പോഴുള്ളവർ അഭിനയിച്ചു കാട്ടുന്നത് വിരളമാണ്. അതോടെ അഭിനേതാക്കൾ സ്വതന്ത്രരായി. അഭിനയം കൂടുതൽ സ്വാഭാവികമായി.'- മാറ്റങ്ങളെ ഈവിധം പോസിറ്റീവായി കാണാനും പണിക്കർ തയ്യാർ.

മനസിൽ എപ്പോഴും സിനിമ കൊണ്ടുനടന്ന അദ്ദേഹം നല്ല സിനിമയുമായി തിരിച്ചുവരുമെന്ന പ്രതീക്ഷയും പുലർത്തിയിരുന്നു. പഴയതും പുതിയതുമായതിൽ തന്റെ ഇഷ്ടക്കേടുകളെക്കുറിച്ചും ജി.എസ്. പണിക്കർ പറയുമായിരുന്നു.

'പണ്ട് സംവിധായകരെ നിർമ്മാതാക്കൾ അന്വേഷിച്ചു പോകുമായിരുന്നു. ഇന്ന് പണക്കാരെ ചാക്കിടാൻ കഴിയുന്ന ആർക്കും സംവിധായകനാകാം. താരങ്ങളുടെ ആധിപത്യവും സിനിമയെ ബാധിച്ചു. ടെലിവിഷൻ ചാനലുകൾ അധികരിച്ചതോടെ അവർ സിനിമകൾക്ക് വിലയിടാൻ തുടങ്ങി. താരങ്ങളുടെ നിരക്ക് നിർണയിക്കുന്നതു പോലും ചാനൽ മാർക്കറ്റിന്റെ അടിസ്ഥാനത്തിലായി. ഇത്തരം പ്രവണത നശിപ്പിക്കുന്നത് നല്ല സിനിമകളെയും കഴിവുള്ള കലാകാരൻമാരെയുമാണ്.'