 
തൃശൂർ: മണ്ണിനെ സംരക്ഷിക്കുക എന്ന ആഹ്വാനവുമായി പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ ഉടനെ മേയ് ഒന്നിന് കൊൽക്കത്തയിലെ മധുബനി ബെഹാറിൽ നിന്ന് സൈക്കിളെടുത്ത് ഇന്ത്യ മുഴുവൻ കറങ്ങാനിറങ്ങിയതാണ് സാഹിൽ ഝാ. ഏഴ് സംസ്ഥാനങ്ങൾ പിന്നിട്ട് മൂന്ന് മാസത്തിന് ശേഷം കേരളത്തിലെത്തി. യാത്രയ്ക്കിടെ 50 സ്‌കൂളുകളിലും 10 കോളേജുകളിലും ക്ലാസെടുത്ത് കഴിഞ്ഞു. ശക്തമായ മഴയെ അവഗണിച്ച് തുടരുന്ന യാത്രയിൽ സാമൂഹിക മാദ്ധ്യമങ്ങൾ വഴി പരിചയപ്പെട്ടവരും സന്നദ്ധ പ്രവർത്തകരും സഹായവുമായെത്താറുണ്ടെന്ന് സാഹിൽ ഝാ വാർത്താസമ്മേളനത്തിൽ അറിയിച്ചു. യാത്രയിൽ സന്നദ്ധ പ്രവർത്തകരും ഫേസ്ബുക്ക് സുഹൃത്തുക്കളും ഇഷാ ഫൗണ്ടേഷൻ വളണ്ടിയർമാരും സഹായിച്ചിട്ടുണ്ട്. നിഷാന്ത് ഝാ-ബബിത ഝാ ദമ്പതികളുടെ മകനായ സാഹിലിന് 16 വയസാണ്. ബാളി എഡ്യൂകെയർ സ്‌കൂളിലാണ് പത്താംക്ലാസ് വരെ പഠിച്ചത്. ഇനി നാഷണൽ ഓപ്പൺ സ്‌കൂൾ വഴി അടുത്ത രണ്ട് വർഷം പഠിക്കാനാണ് ഉദ്ദേശിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ യാത്ര ചെയ്ത് തിരുവനന്തപുരത്തെത്തിയപ്പോൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കൃഷിമന്ത്രി പി. പ്രസാദ്, ശശി തരൂർ എം.പി എന്നിവരുമായും കൂടിക്കാഴ്ച നടത്തി. മേയർ എം.കെ. വർഗീസുമായും കൂടിക്കാഴ്ച നടത്തി.
വീശിയടിക്കുന്ന കാറ്റിൽ സൈക്കിളോടിക്കാൻ ഏറെ ബുദ്ധിമുട്ടി. കേരളത്തിലെ ഭക്ഷണം ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ഇടയ്ക്ക് വയറിന് പ്രശ്‌നവും പനിയും ബാധിച്ചെങ്കിലും വേറെ പ്രശ്‌നങ്ങൾ അനുഭവപ്പെട്ടിട്ടില്ല.
-സാഹിൽ ഝാ