1

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിൽ തട്ടിപ്പിന് മുമ്പുള്ള ഓഡിറ്റിംഗിൽ കണ്ടെത്തിയത് 405.25 കോടി രൂപയുടെ കുടിശിക. ഇതിൽ 219.33 കോടിയുടെ ക്രമക്കേട് നടന്നെന്നാണ് കണ്ടെത്തൽ. ഈട് നൽകിയ വസ്തുവിന്റെ മൂല്യം മൂന്നിരട്ടി ഉയർത്തിക്കാണിച്ചാണ് തട്ടിപ്പ് നടത്തിയത്. വിറ്റാൽ എത്ര തുക കിട്ടുമെന്ന് കണ്ടെത്താൻ വസ്തുവിന്റെ നിജസ്ഥിതിയും വിപണിമൂല്യവും കണ്ടെത്തണം. ഇതിനായി റവന്യുവകുപ്പിൽ വസ്തുവിവരം പരിശോധിച്ചിട്ടുമില്ല.

വായ്പയ്ക്കുള്ള ഈടിന്റെ മൂല്യം നിർണയിച്ചിരുന്നത് ബ്രാഞ്ച് മാനേജരായിരുന്ന ബിജുവായിരുന്നു. കൂടാതെ മിക്ക മൂല്യനിർണയ റിപ്പോർട്ടുകളിലും മതിപ്പുവില തിരുത്തിയിട്ടുണ്ട്. ആധാരങ്ങൾ രജിസ്റ്റർ ചെയ്ത തൊട്ടടുത്ത ദിവസം പോലും വായ്പ നൽകിയിട്ടുണ്ട്. കൂടാതെ ഒരേ ആധാരത്തിൽ ഒന്നിൽക്കൂടുതൽ വായ്പയും നൽകി.

 പ്രതിസന്ധി ഓഡിറ്റിംഗിലും

തട്ടിപ്പിന് ശേഷം അഞ്ചംഗ സംഘം ബാങ്കിലെ കണക്ക് പരിശോധിക്കാനെത്തിയെങ്കിലും പൂർത്തിയായിട്ടില്ല. ഹ്രസ്വ ദീർഘകാല വായ്പ, പ്രതിമാസ നിക്ഷേപ പദ്ധതി, വ്യാപാര ഇടപാടുകൾ എന്നിവയിലാണ് വ്യാപക ക്രമക്കേട്. 2020ലെ ഓഡിറ്റ് പ്രകാരം ബാങ്കിന്റെ നഷ്ടം 42.13 കോടിയാണ്.

 കോടതി വിധിയിലും ആശങ്ക

ന്യായമായ മുൻഗണനാക്രമം നിശ്ചയിക്കുന്നതുവരെ പണം നൽകരുതെന്ന ഹൈക്കോടതി വിധിയും നിക്ഷേപകരെ ആശങ്കയിലാക്കുന്നുണ്ട്. മുൻഗണനാക്രമം നിശ്ചയിക്കാൻ കാലതാമസമെടുക്കുമോ എന്നതാണ് ഇവരുടെ പേടി. ചികിത്സ, വിവാഹ സഹായങ്ങൾക്ക് പോലും തവണകളായി ഇപ്പോൾ തുക നൽകുന്നത്. കാലാവധി പൂർത്തിയായ 142 കോടിയുടെ നിക്ഷേപമാണ് ബാങ്കിലുള്ളത്.

ബാങ്ക് അടയ്‌ക്കാനുള്ള വായ്പ (കോടിയിൽ)

 നബാർഡിൽ-2.71

 സംസ്ഥാന സഹ. ബാങ്കിൽ-36.92 (2019 - 20 ഓഡിറ്റിലെ കണക്ക്)