കയ്പമംഗലം: മതിലകം പള്ളിവളവ് സ്‌കൂൾ ജംഗ്ഷനിൽ കാൽനട മേൽപ്പാലം നിർമ്മിക്കുന്നതിന് ദേശീയ പാത എൻജിനിയറിംഗ് വിഭാഗം പഠനം നടത്തും. അപകടങ്ങൾ പതിവായ ദേശീയപാത 66ലെ മതിലകം പള്ളിവളവ് സ്‌കൂൾ ജംഗ്ഷനിൽ സ്‌കൂൾ വിദ്യാർത്ഥികളുടെ സുരക്ഷ പരിഗണിച്ച് ദേശീപാത എൻജിനിയറിംഗ് വിഭാഗം പഠനം നടത്തി പരിശോധിക്കുമെന്ന് പ്രൊജക്ട് ഡയറക്ടർ ജെ. ബാലചന്ദർ അറിയിച്ചു.

ദേശീയപാതയ്ക്ക് ഇരുവശത്തുമായി നാല് സ്‌കൂളുകളാണ് നിലനിൽക്കുന്നത്. സ്‌കൂൾ തുറന്നു രണ്ടുമാസം പിന്നിട്ടപ്പോഴേക്കും നിരവധി വിദ്യാർത്ഥികൾക്കാണ് വാഹനാപകടത്തിൽ പരിക്കേറ്റിട്ടുള്ളത്. ഈ വിഷയം ചൂണ്ടിക്കാണിച്ച് ആർ.വൈ.എഫ് ജില്ലാ പ്രസിഡന്റ് ആസാദ് കാശ്മീരി ദേശീയ റോഡ് ഗതാഗത മന്ത്രാലയത്തിലെ പബ്ലിക് ഗ്രീവൻസ് സെല്ലിലും കളക്ടർക്കും നൽകിയ പരാതിയിലാണ് നടപടി.