പുതുക്കാട്: ദേശീയപാത 544 ലെ മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയിലെ പാലിയേക്കര ടോൾ പ്ലാസ നിറുത്തലാക്കണമെന്ന് ആവശ്യപ്പെട്ട്‌കെ.കെ. രാമചന്ദ്രൻ എം.എൽ.എ കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്കും കേരള പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിനും നാഷണൽ ഹൈവേ പ്രൊജക്ട് ഡയറക്ടർക്കും കത്ത് നൽകി. ദേശീയപാതയിൽ 60 കിലോമീറ്റിനുള്ളിൽ രണ്ട് ടോൾ ബൂത്തുകൾ പാടില്ല എന്ന കേന്ദ്ര നയം കേന്ദ്രമന്ത്രി ആവർത്തിച്ച സാഹചര്യത്തിലാണ് വർഷങ്ങളായി പ്രവർത്തിച്ചുവരുന്ന പാലിയേക്കര ടോൾ പ്ലാസ പ്രവർത്തനം നിറുത്തണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയത്. ദേശീയപാത 544 ൽ പാലക്കാട് മുതൽ ഇടപ്പള്ളി വരെ 60 കിലോമീറ്റനുള്ളിൽ 2 ടോൾ പ്ലാസകൾ നിലനിൽക്കുന്നുണ്ട്. വടക്കുഞ്ചേരി പന്നിയങ്കര ടോൾ പ്ലാസ പാലിയേക്കര ടോൾ പ്ലാസയിൽ നിന്നും 33 കിലോമീറ്റർ മാത്രം ദൂരത്താണ് സ്ഥിതി ചെയ്യുന്നത്. ഈ കാരണം ചൂണ്ടിക്കാണിച്ചാണ് എം.എൽ.എ ബന്ധപ്പെട്ടവർക്ക് കത്ത് നൽകിയത്.