മുല്ലശ്ശേരി: ശക്തമായ മഴയിൽ മുല്ലശ്ശേരി പഞ്ചായത്തിലെ വിവിധ റോഡുകൾ വെള്ളക്കെട്ടിലായി. പാടൂർ വാണി വിലാസം റോഡിലെ വെള്ളക്കെട്ട് രൂക്ഷമായി. സ്ഥിരമായ വെള്ളക്കെട്ട് മേഖലയാണ് ഈ റോഡ്. 10 വീട്ടുകാർക്ക് വെള്ളക്കെട്ട് മൂലം വീടിന് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. വീടിന് ചുറ്റിലും വരാന്ത വരെയും വെള്ളം നിറഞ്ഞ സ്ഥിതിയാണ്. റോണി കാഞ്ഞിരത്തിങ്കൽ, സുബിൻ, ശശി, രാജൻ എന്നിവരുടെയടക്കം പത്തോളം വീടുകളാണ് വെള്ളം കയറിയത്. വാണിവിലാസം സ്‌കൂളിലെ വിദ്യാർത്ഥികൾ ഈ റോഡിനെയാണ് ആശ്രയിക്കുന്നത്. തൊയക്കാവ് തണ്ടപ്പാടം ഭാഗത്തുനിന്ന് വരുന്ന വെള്ളം ഈ ഭാഗത്ത് എത്തിച്ചേരുകയും കാനകളുടെ വീതിക്കുറവ് മൂലം ഒഴുകിപ്പോകാതിരിക്കുകയുമാണ്. ഇതുമൂലം പ്രദേശവാസികൾ ഏറെ ദുരിതം അനുഭവിക്കുന്ന അവസ്ഥയാണ്.