വെങ്കിടങ്ങ്: മൂന്ന് ദിവസമായി തുടരുന്ന ശക്തമായ മഴയിൽ തെയാക്കാവ് കൊല്ലംകുളങ്ങര അമ്പലത്തിന് സമീപമുള്ള കണ്ണാറംതോട് കരകവിഞ്ഞതോടെ അഞ്ചോളം വീടുകളിൽ വെള്ളം കയറി. നടുവിൽപുരയ്ക്കൽ മാധവി, കൊല്ലംകുളങ്ങര രാധ, തെക്കാണ്ടത്ത് ഗോപാലൻ, ചെക്കൻ രാജൻ എന്നിവരുടെ വീടുകളിലാണ് വെള്ളം കയറിയത്. വർഷങ്ങൾക്കു മുമ്പേ തോട് വീതി കൂട്ടുന്നതിന് ആവശ്യമായ നടപടി തുടങ്ങിയെങ്കിലും അതെങ്ങും എത്തിയില്ല. തോട് വീതി കൂട്ടി മണ്ണെടുത്താലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണാനാകൂവെന്ന് പഞ്ചായത്ത് മെമ്പർ കെ.വി. ഓമന പറഞ്ഞു.