പുത്തൂർ: പഞ്ചായത്ത് പുത്തൻകാട് ചിറ്റക്കുന്നിൽ മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന സ്ഥലത്ത് നിന്നും വീട്ടുകാരെ ഒഴിപ്പിക്കാൻ എത്തിയ ഉദ്യോഗസ്ഥർക്ക് നേരെ നാട്ടുകാരുടെ പ്രതിഷേധം. അനാവശ്യമായി ഒഴിപ്പിക്കുന്നു എന്നാരോപിച്ചാണ് നാട്ടുകാർ പ്രതിഷേധിച്ചത്. പുത്തൂർ പഞ്ചായത്തിലെ പതിനൊന്നാം വാർഡ് ചിറ്റക്കുന്ന് പ്രദേശത്തെ 40 കുടുംബങ്ങളെയാണ് മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് സ്ഥലത്ത് നിന്നും ഒഴിപ്പിക്കാൻ കഴിഞ്ഞ ദിവസം നോട്ടീസ് നൽകിയത്. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ വീട്ടുകാരെ ഒഴിപ്പിക്കാൻ സ്ഥലത്തെത്തിയ റവന്യു വകുപ്പിന്റെയും പഞ്ചായത്ത്, വില്ലേജ് ഉദ്യോഗസ്ഥർക്കും നേരെയാണ് നാട്ടുകാർ പ്രതിഷേധിച്ചത്. നിലവിൽ സ്ഥലത്ത് യാതൊരുവിധ മണ്ണിടിച്ചിലും ഇല്ലെന്നും സോയിൽ പൈപ്പിംഗ് പ്രതിഭാസം ഉണ്ടായത് ചിറ്റക്കുന്നിൽ അല്ല സമീപത്തെ എട്ടാംകല്ലിലാണെന്നും ഇതിന്റെ പേരിൽ ഉദ്യോഗസ്ഥർ തങ്ങളുടെ സൈ്വര ജീവിതം തകർക്കുകയാണെന്നും നാട്ടുകാർ പറഞ്ഞു.