പുതുക്കാട്: പാലിയേക്കര ടോൾ പ്ലാസയോ പാലക്കാട് വടക്കഞ്ചേരിക്കടുത്തുള്ള പന്നിയങ്കര ടോൾ പ്ലാസയോ അടച്ചുപൂട്ടുന്നത് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ പരിഗണനയിലാണെന്ന് വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. കേരളത്തിൽ നിന്നുള്ള രാജ്യസഭ എം.പി ജെബി മേത്തർ ഉന്നയിച്ച ചോദ്യത്തിനാണ് ഗഡ്കരി ഈ മറുപടി നൽകിയത്. 60 കിലോമീറ്ററിനുള്ളിൽ ഒരു ടോൾ പ്ലാസ മതി എന്നുള്ളതാണ് കേന്ദ്ര നയമാണെന്നും അതിനാൽ രണ്ട് ടോൾ പ്ലാസകളിൽ ഏതെങ്കിലും ഒന്ന് അടച്ചുപൂട്ടുന്നത് പരിഗണിക്കുമെന്നുമാണ് മന്ത്രി വ്യക്തമാക്കിയത്. മേത്തർ ഉന്നയിച്ച ചോദ്യം ന്യായമാണെന്നും നിയമപ്രകാരം 60 കിലോമീറ്ററിനുള്ളിൽ 2 ടോൾ പ്ലാസകൾ ഉണ്ടാകാൻ പാടില്ലെന്നും ഗഡ്കരി പറഞ്ഞു. എന്നാൽ അടയ്ക്കുകയാണെങ്കിൽ ടോൾ പ്ലാസ കമ്പനിക്ക് സർക്കാർ നഷ്ടപരിഹാരം കൊടുക്കേണ്ടിവരും. ഒരു ടോൾ പ്ലാസ അടയ്ക്കുന്നത് സംബന്ധിച്ച് ഉടൻ പാർലമെന്റിൽ മറുപടി നൽകുമെന്നും ഗഡ്കരി അറിയിച്ചു.