ഇരിങ്ങാലക്കുട: നിയോജക മണ്ഡലത്തിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ മുന്നൊരുക്കങ്ങൾ അവലോകനം ചെയ്യാൻ മന്ത്രി ഡോ. ആർ. ബിന്ദുവിന്റെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എങ്കിലും കനത്ത ജാഗ്രത പുലർത്തണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. മണ്ഡത്തിലെ അഞ്ച് കേന്ദ്രങ്ങളിൽ ക്യാമ്പുകൾ ആരംഭിച്ചിട്ടുണ്ടെന്നും മഴ ശക്തമായാൽ കൂടുതൽ കേന്ദ്രത്തിൽ ക്യാമ്പുകൾ ആരംഭിക്കേണ്ടിവരുമെന്നും, ക്യാമ്പുകൾ ആരംഭിക്കുന്നതിനായുള്ള സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
ക്യാമ്പുകളിൽ പ്രതിരോധ മരുന്നുകൾ, കുടിവെള്ളം തുടങ്ങിയവ കരുതണമെന്നും ഏത് അടിയന്തര സാഹചര്യവും നേരിടാൻ തയ്യാറായിരിക്കണമെന്നും, എല്ലാ വകുപ്പുകളും ഏകോപനത്തോടെ പ്രവർത്തനങ്ങൾ നടത്തണമെന്നും, ഏകോപനത്തിനായി മന്ത്രി ഓഫീസ് കേന്ദ്രീകരിച്ച് കൺട്രോൾ റൂം ആരംഭിക്കണമെന്നും തീരുമാനിച്ചു. കൺട്രോൾ റൂം: 9946777988, 7012838350. യോഗത്തിൽ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ലളിത ബാലൻ, വിജയലക്ഷ്മി വിനയചന്ദ്രൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ ഷീജ പവിത്രൻ, സീമ പ്രേംരാജ്, ജോസ് ജെ. ചിറ്റിലപ്പിള്ളി, കെ.ആർ. ജോജോ , കെ.എസ്. ധനീഷ്, കെ.എസ്. തമ്പി, ലത സഹദേവൻ തുടങ്ങിയവർ പങ്കെടുത്തു.
വെള്ളം ഉയരാൻ സാദ്ധ്യതയുള്ള ആളൂർ പഞ്ചായത്തിലെ പ്രദേശങ്ങൾ മന്ത്രി സന്ദർശിച്ചു
ഇരിങ്ങാലക്കുട: കനത്തമഴയെ തുടർന്ന് വെള്ളം ഉയരാൻ സാദ്ധ്യതയുള്ള ആളൂർ പഞ്ചായത്തിലെ പ്രദേശങ്ങൾ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു സന്ദർശിച്ചു. പഞ്ചായത്തിലെ 9, 10 വാർഡുകളായ വെള്ളാഞ്ചിറ, തുരുത്തിപ്പറമ്പ് എന്നീ പ്രദേശങ്ങളാണ് മന്ത്രി സന്ദർശിച്ചത്. വെള്ളം ഉയരുന്ന ഇടങ്ങളിൽ നിന്ന് സുരക്ഷിത സ്ഥലങ്ങളിലേക്കോ ക്യാമ്പുകളിലേക്കോ മാറി താമസിക്കാൻ ജനങ്ങളോട് മന്ത്രി നിർദ്ദേശിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസൺ, പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ജോജോ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ജനപ്രതിനിധികൾ എന്നിവർ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
വെള്ളപ്പൊക്ക ഭീഷണി: ക്യാമ്പുകൾ ആരംഭിക്കുന്നതിന് സജ്ജമായി കാട്ടൂർ പഞ്ചായത്ത്
ഇരിങ്ങാലക്കുട: മഴ കനത്തതോടെ കാട്ടൂരിലെ വിവിധ പ്രദേശങ്ങളിൽ വെള്ളപ്പൊക്കം ഉണ്ടാകാനുള്ള സാദ്ധ്യത മുൻനിറുത്തി പഞ്ചായത്തിൽ ക്യാമ്പുകൾ ആരംഭിക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ പൂർത്തീകരിച്ചു. ഇന്നലെ രാത്രി മുതൽ താഴ്ന്ന പ്രദേശങ്ങളായ ചെമ്പൻചാൽ, മാൻകുറ്റിത്തറ, കൈത തറ, മുനയം, ഇട്ടിക്കുന്ന് കോളനി പ്രദേശം, നന്ദുനി പാടം കോളനി, ചേലക്കത്തറ, ശ്രീ കാളീശ്വരി കോളനി, മാവും വളവ് തുടങ്ങിയ സ്ഥലങ്ങൾ ഭാഗികമായി വെള്ളത്തിനടിയിലായി. വീടുകളിലേക്ക് വെള്ളം കയറിത്തുടങ്ങിയ മുഴുവൻ കുടുംബങ്ങളോടും സുരക്ഷിത പ്രദേശങ്ങളിലേക്ക് മാറിത്താമസിക്കുന്നതിനോ ക്യാമ്പുകളിലേക്ക് എത്തിച്ചേരുന്നതിനോ നിർദ്ദേശം നൽകിയിട്ടുണ്ട്. വെള്ളക്കെട്ട് പ്രദേശങ്ങളിലെ മുഴുവൻ ആളുകളും അതത് വാർഡ് മെമ്പർമാരെയോ പ്രസിഡന്റിനെയോ ബന്ധപ്പെടേണ്ടതാണെന്നും പഞ്ചായത്ത് പ്രസിഡന്റ് ഷീജ പവിത്രൻ അറിയിച്ചു. പ്രശ്‌ന ബാധിതർക്ക് ക്യാമ്പിൽ എത്തിച്ചേരുന്നതിനുള്ള വാഹന സൗകര്യവും ആവശ്യമെങ്കിൽ കൂടുതൽ ക്യാമ്പുകൾ ആരംഭിക്കുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ക്യാമ്പിന്റെ ചുമതല നിർവഹിക്കുന്ന വില്ലേജ് ഓഫീസർ രാജേഷ് അറിയിച്ചു.