 
തൃശൂർ: ഡയറ്റിന്റെ നേതൃത്വത്തിൽ ലഹരിമുക്ത വിദ്യാലയ അന്തരീക്ഷം എന്ന ആശയത്തിലൂന്നി സംഘടിപ്പിച്ച നാഷണൽ പോപുലേഷൻ ഫൗണ്ടേഷൻ പ്രോഗ്രാം 2022 ഷോർട്ട് ഫിലിം ഫെസ്റ്റിൽ മികച്ച രണ്ടാമത്തെ ഹ്രസ്വചിത്രമായി വില്ലടം ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ അണിയിച്ചൊരുക്കിയ ഋതം തിരഞ്ഞെടുക്കപ്പെട്ടു. ലഹരിക്ക് അടിമപ്പെട്ട ജീവിതത്തിലെ ചില ദുർനിമിഷങ്ങളിൽ നിന്നും കൈവന്ന തിരിച്ചറിവ് ജീവിതവഴികളെയാകെ മാറ്റിമറിച്ച് അംഗപരിമിതർക്കുള്ള ഒളിമ്പിക്‌സിൽ വിജയം നേടിയ യുവാവിന്റെ ജീവിതവഴികളെ മികവുറ്റ രീതിയിൽ ഹ്രസ്വചിത്രത്തിലൂടെ അവതരിപ്പിച്ചതിനാണ് പുരസ്‌കാരം. വിദ്യാഭ്യാസ ഉപഡയറക്ടർ ടി.വി. മദനമോഹനനിൽ നിന്നും വില്ലടം സ്‌കൂൾ വിദ്യാർത്ഥികളും അദ്ധ്യാപകരും പി.ടി.എ പ്രസിഡന്റും ചേർന്ന് സ്വീകരിച്ചു. ഡയറ്റ് പ്രിൻസിപ്പൽ ശ്രീജ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ വിജയകുമാരി, എസ്.എസ്.കെ ജില്ലാ ഓഫീസർ ഡോ. ബിനോയ്, ഈസ്റ്റ് എ.ഇ.ഒ പി.എം. ബാലകൃഷ്ണൻ, സംവിധാനം ചെയ്ത സ്‌കൂളിലെ അദ്ധ്യാപകൻ എ.എസ്. മിഥുൻ, അഭിനേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.