veedu
മഴയിൽ തകർന്ന മൂലംകുടം വട്ടോലി രാജന്റെ വീട്.

പുതുക്കാട്: പീച്ചി, ചിമ്മിനി ഡാമുകളുടെ ഷട്ടറുകൾ കൂടുതൽ ഉയർത്തിയതോടെ ഇരുപുഴകളുടെയും സമീപത്തെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കരകവിഞ്ഞു. ചിമ്മിനി ഡാം റോഡിൽ വരന്തരപ്പിള്ളി കുട്ടോലിപ്പാടത്തെ റോഡ് കവിഞ്ഞാണ് വെളളം ഒഴുകുന്നത്. കോടാലി-കൊടകര റോഡിൽ ചേലക്കാട്ടുകരയിൽ റോഡിൽ വെള്ളം കയറി. മൂപ്ലിയം നന്തിപുലം റോഡിലും വെള്ളം കയറി. മേഖലയിലെ മിക്കവാറും എല്ലാ പാടശേഖരങ്ങളും വെള്ളത്തിനടിയിലാണ്. വെള്ളിക്കുളങ്ങര സ്‌കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങി. കാരിക്കടവ് ആദിവാസി കോളനിയിൽ ആകെയുള്ള 14 കുടുംബങ്ങളിൽ 7 കുടുംബങ്ങളിലെ 19 പേരെ പഞ്ചായത്ത് അധികൃതർ ക്യാമ്പിലേക്ക് മാറ്റി.
ചെങ്ങാലൂർ സെന്റ് മേരീസ് ഹൈസ്‌കൂൾ, പുതുക്കാട് സെന്റ് സേവിയേഴ്‌സ് കോൺവെന്റ് സ്‌കൂൾ, നെല്ലായി പന്തല്ലൂർ ജനത യു.പി സ്‌കൂൾ , തൊട്ടിപ്പാൾ കർഷക സമാജം സ്‌കൂൾ, തലോർ ലിറ്റിൽ ഫ്‌ളവർ എൽ.പി സ്‌കൂൾ, കല്ലൂർ വി.എൽ.പി.സ്‌കൂൾ, കൊടകര ഗവ. എൽ.പി സ്‌കൂൾ, എന്നിവിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തനം ആരംഭിച്ചു.

മഴയിൽ വീട് തകർന്നു

മറ്റത്തൂർ: മഴക്കെടുതിയിൽ മൂലംകുടം വട്ടോലി രാജന്റെ ഓടിട്ട വീട് മഴയിൽ തകർന്ന് വീണു. ആർക്കും പരിക്കില്ല.