 
ചാലക്കുടി: വകുപ്പ് ഡയറക്ടറുടെ ഉത്തരവിന്റെ പേരിൽ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പൊതുവിതരണ കേന്ദ്രത്തിൽ നിന്ന് ഭക്ഷ്യവസ്തുക്കൾ നൽകിയില്ലെന്ന് പരാതി. നഗരസഭയിലെ മൂന്ന് ക്യാമ്പുകളിൽ ഭക്ഷണം തയ്യാറാക്കുന്നതിന് സാമഗ്രികൾ ശേഖരിക്കാൻ ഡിപ്പോയിലെത്തിയ നഗരസഭാ ജീവനക്കാർക്ക് നിരാശരായി മടങ്ങേണ്ടിവന്നു.
വകുപ്പ് ഡയറക്ടറുടെ ഉത്തരവ് പ്രകാരം വ്യാഴാഴ്ച മുതൽ ക്യാമ്പിലേക്ക് ഭക്ഷ്യ വസ്തുക്കൾ നൽകാനാകില്ലെന്ന് മാനേജർ അറിയിച്ചു. ഇതോടെ നഗരസഭാ ചെയർമാൻ എബി ജോർജ്ജ് പ്രതിഷേധവുമായി രംഗത്തെത്തി.
കളക്ടർ, എം.എൽ.എ എന്നിവരെ വിവരം അറിയിച്ചു. ഇവർ ഇടപെട്ടിട്ടും പ്രശ്‌നം പരിഹരിക്കപ്പെട്ടില്ല. വൈകീട്ട് മന്ത്രി കെ. രാജൻ ഇടപെട്ടതിനെത്തുടർന്നാണ് ഡയറക്ടർ ഉത്തരവ് തിരുത്തിയത്. പകൽ മുഴുവനുമുള്ള ക്യാമ്പുകളിലെ ഭക്ഷണം നഗരസഭ നേരിട്ടെത്തിച്ചു.
വിദ്യാലയങ്ങൾക്ക് ഇന്നുംഅവധി
തൃശൂർ : ജില്ലയിൽ മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ അങ്കണവാടികൾ അടക്കം നഴ്സറി തലം മുതൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. പരീക്ഷകൾക്ക് മാറ്റമില്ല.