la
ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗം ഹസീന അക്ബറും കൂട്ടരും പതാകകൾ നിർമ്മിക്കുന്നു.

ചേർപ്പ്: സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് അംഗവും കുടുംബശ്രീ സംരംഭകരും നിർമ്മിക്കുന്ന ദേശീയ പതാകകൾ പ്രദേശത്തെ വീടുകളിൽ ഉയരും. ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഹസീന അക്ബറും സ്‌നേഹം കുടുംബശ്രീ കൂട്ടായ്മയുമാണ് കേന്ദ്ര സർക്കാരിന്റെ ഹർഘർ തിരംഗ് പദ്ധതിയുടെ ഭാഗമായി പതാകകൾ നിർമ്മിക്കുന്നത്. തുടർന്ന്

പഞ്ചായത്തിലെ വിവിധ വീടുകളിലേക്ക് ഇവ കൈമാറും.

ചെറുതും വലുതുമായി 3,000ത്തോളം പതാകകളാണ് സ്‌നേഹം തുണിസഞ്ചി ടൈലറിംഗ് യൂണിറ്റിൽ ഒരുക്കുന്നത്. ആയിരത്തോളം പതാകകൾ ഇതിനോടകം നിർമ്മിച്ചു കഴിഞ്ഞു. ജില്ലാ കുടുംബശ്രീ മിഷന്റെ നിർദ്ദേശപ്രകാരം കോട്ടൺ, പോളിസ്റ്റർ തുണികളിലാണ് നിർമ്മാണം. നിർമ്മാണ പ്രവൃത്തികൾ ഉത്തരവാദിത്വത്തോടെ ചെയ്യേണ്ടതിനാൽ പഞ്ചായത്തിലെ പല കുടുംബശ്രീ സംരംഭകരും പദ്ധതി ഏറ്റെടുക്കാൻ തയ്യാറിയിരുന്നില്ല. ഒടുവിൽ ഹസീന അക്ബറിന്റെ നേതൃത്വത്തിൽ യൂണിറ്റ് അംഗങ്ങളായ ഫാരിജ മുഹമ്മദാലി, രാധാമണി രാമദാസ്, സുനിത അസീസ് എന്നിവരടങ്ങുന്ന സംഘം ജോലികൾ ഏറ്റെടുക്കുകയായിരുന്നു. ആശാവർക്കർ കൂടിയായ ഹസീന അക്ബറും, ഫാരിജയുമാണ് തയ്യൽ ജോലികൾ ചെയ്യുന്നത്. പത്തിനകം പൂർത്തികരിക്കാനാണ് ശ്രമം. കൊവിഡ് കാലത്ത് നിരവധി തുണി മാസ്‌കുകൾ വിവിധ വാർഡുകളിലേക്ക് നിർമ്മിച്ച് നൽകിയതും സ്‌നേഹം കുടുംബശ്രീ കൂട്ടായ്മയാണ്. കുടുബശ്രീ മിഷന് വേണ്ടി തുണിസഞ്ചികളും ഇവർ നിർമ്മിച്ച് നൽകിയിരുന്നു.