 
പുതുക്കാട്: അടിമുടി ഹൈടെക് സൗകര്യത്തിലേക്ക് മാറാൻ ഒരുങ്ങി പുതുക്കാട് താലൂക്ക് ആശുപത്രി. 6 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് പുതുക്കാട് താലൂക്ക് ആശുപത്രിയിൽ നടക്കുക.1.75 കോടി രൂപ ചെലവിലുള്ള മൾട്ടിപർപ്പസ് ഐസൊലേഷൻ വാർഡിന്റെ നിർമ്മാണോദ്ഘാടനം ആഗസ്റ്റ് 30ന് നടക്കും. ഒക്ടോബർ 2 മുതൽ ആശുപത്രിയിലെ ലേബർ ഓപറേഷൻ തിയേറ്റർ പ്രവർത്തനമാരംഭിക്കും. ഇതിലേക്ക് ആവശ്യമായ ഉപകരണങ്ങൾ കൊടകര ബ്ലോക്ക് പഞ്ചായത്ത് വാങ്ങി നൽകും. ആഗസ്റ്റ് 16ന് ഡയാലിസിസ് യൂണിറ്റ് രണ്ടാം ഷിഫ്റ്റ് പ്രവർത്തനം ആരംഭിക്കും. ആഗസ്റ്റ് 16 മുതൽ ഫാർമസിയുടെ പ്രവർത്തനം രാവിലെ 8മുതൽ വൈകിട്ട് 6വരെ ആക്കും. 'പുതുജീവനം അത്രമേൽ അരികത്ത്' എന്ന പേരിൽ ഡയാലിസിസിനും ആശുപത്രിയുടെ അടിയന്തര ആവശ്യങ്ങൾക്കുമായി പൊതുജനങ്ങളിൽ നിന്ന് ഫണ്ട് സ്വരൂപിക്കും.
താലൂക്ക് ആശുപത്രിയിൽ നടന്ന എച്ച്.എം.സി യോഗത്തിൽ കെ.കെ. രാമചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ രഞ്ജിത്ത്, പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ്, സ്ഥിരം സമിതി അദ്ധ്യക്ഷൻ സെബി കൊടിയൻ, നാഷണൽ ഹെൽത്ത് മിഷൻ ജില്ലാ പ്രോഗ്രാം ഓഫീസർ ഡോ. യു.ആർ. രാഹുൽ, താലൂക് ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. കെ.എ. മുഹമ്മദാലി, ബി.ഡി.ഒ പി.ആർ. അജയ്‌ഘോഷ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷീല മനോഹരൻ, നഴ്‌സിംഗ് സൂപ്രണ്ട് ടി.ടി. ആൻസി തുടങ്ങിയവർ പങ്കെടുത്തു.
ആശുപത്രിയിൽ പുതുതായി എർപ്പെടുത്തുന്ന സൗകര്യങ്ങൾ
നിലവിലെ പുരുഷ വാർഡിന് മുകളിലായി 3.25 കോടി രൂപ ചെലവിൽ 2 നിലകൾ കൂടി നിർമ്മിക്കും. ഒന്നാംനിലയിൽ ലാബും അനുബന്ധ സൗകര്യങ്ങളും ബ്ലഡ് ബാങ്ക്, പബ്ലിക് ഹെൽത്ത് വിംഗ് എന്നിവയും രണ്ടാംനിലയിൽ 25 കിടക്കകൾ ഉൾപ്പെടുന്ന സ്ത്രീകളുടെ വാർഡും നിർമ്മിക്കും.
നിലവിലെ ഫീമെയിൽ വാർഡ് പൊളിച്ചുമാറ്റി ആധുനിക സൗകര്യങ്ങളോടെ അമ്മയും കുഞ്ഞും കോംപ്ലക്‌സ് നിർമ്മിക്കും. ഇതിൽ ലേബർ ഓപറേഷൻ തിയേറ്റർ, പ്രീ പോസ്റ്റ് ഓപറേറ്റീവ് വാർഡ് തുടങ്ങിയ വിവിധ ഗൈനക് വിഭാഗങ്ങളുടെ സൗകര്യങ്ങൾ ഉൾപ്പെടുത്തും.