മുല്ലശ്ശേരി: അതിതീവ്ര മഴയെത്തുടർന്ന് മുല്ലശ്ശേരി പഞ്ചായത്തിൽ അപകട ഭീഷണിയിലായ കുടുംബങ്ങൾക്കായി പെരുവല്ലൂർ ഡോ. അംബേദ്കർ മിനി കമ്യൂണിറ്റി ഹാളിൽ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു. ഒരു കുടുംബമാണ് ഇപ്പോൾ ക്യാമ്പിലേക്ക് മാറിയിട്ടുള്ളത്. പഞ്ചായത്തിൽ നടന്ന ജനപ്രതിനിധികളുടെ യോഗത്തിൽ അപകട ഭീഷണിയുള്ളതും മാറ്റിത്താമസിപ്പിക്കേണ്ടതുമായ കുടുംബങ്ങളുടെ വിവരങ്ങൾ ശേഖരിച്ച് സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാൻ നോട്ടീസ് നൽകി. പടിഞ്ഞാറൻ പ്രദേശത്ത് ആവശ്യമായ സന്ദർഭത്തിൽ ക്യാമ്പ് തുടങ്ങാൻ മുല്ലശ്ശേരി ഇ.എം.എസ് കമ്യൂണിറ്റി ഹാൾ സജ്ജമാണ്. പെരുവല്ലൂർ ക്യാമ്പ് മുരളി പെരുനെല്ലി എം.എൽ.എ സന്ദർശിക്കുകയും ആവശ്യമായ സഹായങ്ങൾ ഉറപ്പ് നൽകുകയും ചെയ്തിട്ടുണ്ട്. വെള്ളം കയറി താമസയോഗ്യമല്ലാതായ പെരുവല്ലൂർ ക്വാറി പ്രദേശത്തെ വീടുകളിൽ ക്യാമ്പുകളിലേക്ക് മാറുന്നതിനായി പഞ്ചായത്ത് നോട്ടീസ് നൽകിയിരുന്നു. ഈ പ്രദേശവും എം.എൽ.എ സന്ദർശിച്ചു.