മാള: ഇന്നലെ പകൽ സമയത്ത് മഴ വിട്ടുനിന്നെങ്കിലും ചാലക്കുടി പുഴയിൽ വെള്ളത്തിന്റെ ഒഴുക്ക് ശക്തമായതിനാൽ മാള മേഖലയിലെ ക്യാമ്പുകളിൽ നിന്നും മടങ്ങാനാകാതെ കുടുംബങ്ങൾ. മാള, കുഴൂർ, പൊയ്യ, അന്നമനട, പുത്തൻചിറ പഞ്ചായത്തുകളിലെ പുഴയോരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്ന കുടുംബങ്ങളാണ് ക്യാമ്പുകളിൽ തുടരുന്നത്. 2018ലെ പ്രളയത്തിൽ വെളളം കയറിയ പ്രദേശങ്ങളെയാണ് ഇക്കുറിയും വെള്ളക്കെട്ട് ബാധിച്ചത്. വെള്ളത്തിന്റെ തോത് കുറയാത്തതിനാൽ ജനങ്ങൾ ആശങ്കയിലാണ്.
പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിലാണ് ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവർത്തനം. കുഴൂർ പഞ്ചായത്തിൽ മൂന്ന് ക്യാമ്പുകളും, അന്നമനടയിൽ അഞ്ചും, മാളയിൽ മൂന്നും, പുത്തൻചിറയിൽ ഒരു ക്യാമ്പുമാണ് സജ്ജമാക്കിയിട്ടുള്ളത്. അന്നമനട പഞ്ചായത്തിലെ മേലഡൂർ ഗവ. സമിതി ഹൈസ്‌കൂൾ, അന്നമനട യു.പി സ്‌കൂൾ, വാളൂർ ഹൈസ്‌കൂൾ തുടങ്ങിയ ക്യമ്പുകളിൽ 290 കുടുംബങ്ങളിൽ നിന്നായി 612 ആളുകളെ മാറ്റി താമസിപ്പിച്ചിട്ടുണ്ട്. കുഴൂർ പഞ്ചായത്തിലെ മൂന്ന് ക്യാമ്പുകളിലായി 712 പേരാണ് താമസിക്കുന്നത്. കുഴൂർ ഗവ. ഹൈസ്‌കൂളിൽ 101 പേരും, എരവത്തൂർ എസ്.കെ.വി.എൽ.പി സ്‌കൂളിൽ 261 പേരും, കുണ്ടൂർ ഗവ. യു.പി സ്‌കൂളിൽ 350 പേരും താമസിക്കുന്നുണ്ട്. മാള പഞ്ചായത്തിലെ കോട്ടക്കൽ കോളേജ്, മാള സർക്കാർ യു.പി സ്‌കൂൾ, പഴൂക്കര സ്‌കൂൾ എന്നിവിടങ്ങളിലേക്കും ആളുകളെ മാറ്റുന്നുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അശോക് പറഞ്ഞു. വി.ആർ. സുനിൽകുമാർ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ്, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ ക്യാമ്പുകൾ സന്ദർശിച്ചു.

എരവത്തൂർ എസ്.കെ.വി.എൽ.പി സ്‌കൂളിലെ ക്യാമ്പിൽ കഴിയുന്നവർ.