
തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് പ്രതിസന്ധി പരിഹരിക്കാൻ 35 കോടി നൽകുമെന്ന സർക്കാർ പ്രഖ്യാപനം നിക്ഷേപകർക്ക് പ്രതീക്ഷയായി. നിക്ഷേപം ലഭിക്കാത്തതിനാൽ വിദഗ്ദ്ധ ചികിത്സ മുടങ്ങി മരിച്ച ഫിലോമിനയ്ക്ക് മുഴുവൻ തുകയും നൽകിയത് നിക്ഷേപകരുടെ വിശ്വാസം നേടാൻ സഹായകമായി.
കേരള ബാങ്കിൽ നിന്ന് 25ഉം സഹകരണ വികസന ക്ഷേമ ബോർഡിൽ നിന്ന് 10 കോടിയുമാണ് സമാഹരിക്കുക. ഈ തുക കരുവന്നൂർ ബാങ്കിന്റെ അക്കൗണ്ടിൽ വരുന്ന മുറയ്ക്ക് നിക്ഷേപകരുടെ പണം തിരികെ കൊടുക്കും. പരമാവധി നിക്ഷേപങ്ങൾ പുതുക്കാനാണ് ശ്രമിക്കുക. തുടർന്ന് പുതുക്കുന്ന നിക്ഷേപങ്ങളിൽ മൂന്നു മാസം കൂടുമ്പോൾ പലിശ ആവശ്യമുള്ളവർക്ക് നൽകും. ലഭിക്കുന്ന തുകയിൽ നിന്ന് നല്ലൊരു ശതമാനം പുതിയ വായ്പ നൽകാൻ ഉപയോഗിക്കും.
ചികിത്സ, വിവാഹം തുടങ്ങിയ ആവശ്യങ്ങൾക്ക് പോലും അപേക്ഷ നൽകി പണം കിട്ടാൻ വരി നിൽക്കേണ്ട നിക്ഷേപകർക്കാണ് ആശ്വാസം ലഭിക്കുന്നത്. സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടിൽ നിന്നും ആവശ്യക്കാർക്ക് പണം അനുവദിക്കണമെന്നാണ് സഹകരണ വകുപ്പ് അധികൃതരുടെ നിലപാട്. അടിയന്തര ആവശ്യങ്ങൾക്കല്ലാതെ പണം കൊടുക്കുന്നത് താത്കാലികമായി നിറുത്തിവയ്ക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ എസ്.ബി അക്കൗണ്ടിൽ നിന്നും ആവശ്യത്തിന് പണം നൽകിയില്ലെങ്കിൽ പ്രശ്‌നം സങ്കീർണ്ണമാകാൻ ഇടയുള്ളത് കോടതിയെ ബോധിപ്പിക്കും. വായ്പാ കുടിശിക പിരിവിലൂടെ ബാങ്കിന്റെ വരുമാനം വർദ്ധിപ്പിക്കാൻ ഊർജ്ജിതശ്രമം നടത്തും. ഇതിന് ഇപ്പോഴുള്ള ഒരാൾക്ക് പകരം കൂടുതൽ സെയിൽ ഓഫീസർമാരെ നിയമിക്കും.
കരുവന്നൂർ കണക്ക്
(കോടിയിൽ)
ആകെ നിക്ഷേപം 284.61
പലിശ കൊടുക്കാനുള്ളത് 10.69
കാലാവധിയെത്തിയ നിക്ഷേപം 142.71
വായ്പാ കുടിശിക 368
വായ്പാപലിശ ബാക്കി 108.03
ആകെ കിട്ടാനുള്ളത് 476.
നിക്ഷേപകർ ആരും പ്രയാസപ്പെടരുതെന്ന ലക്ഷ്യത്തോടെ സർക്കാർ കാര്യമായി ഇടപെടുന്നുണ്ട്. വിഷയത്തിൽ കൺസോർഷ്യം രൂപീകരിക്കാനായി ശ്രമിച്ചെങ്കിലും പ്രദേശത്തുള്ളവർ പരാതി നൽകിയതിനെ തുടർന്ന് ആർ.ബി.ഐ നിബന്ധനകൾ ഏർപെടുത്തിയതിനെ തുടർന്നാണ് മുടങ്ങിയത്. കേരള ബാങ്കും സഹകരണ വികസനനിധിയുമായി ഏകോപിപ്പിച്ചാണ് ബാങ്കിനെ സഹായിക്കാനുള്ള നടപടിയെടുക്കുന്നത്.
ആർ.ബിന്ദു
മന്ത്രി