
തൃശൂർ: എല്ലാ കാർഷികവിളകളെയും വേരോടെ പിഴുത വെള്ളപ്പൊക്കത്തിന് അൽപ്പം ശമനമായെങ്കിലും, കൊവിഡാനന്തരം പ്രതീക്ഷകളോടെ കൃഷിയിറക്കിയ കർഷകർക്ക് കണ്ണീരൊഴിയുന്നില്ല. പാടശേഖരങ്ങളിൽ വിരിപ്പുകൃഷിയിറക്കിയ കർഷകരും കോൾകർഷകരുമെല്ലാം അപ്രതീക്ഷിതമായ അതിതീവ്രമഴയിൽ നട്ടംതിരിയുകയാണ്.
ഓണത്തിന് മുമ്പ് വിരിപ്പു പാടങ്ങളിൽ കൊയ്യാൻ പാകമാകും. കുന്നംകുളം മേഖലയിലെ പാടങ്ങളെല്ലാം വെള്ളം നിറഞ്ഞ നിലയിലാണ്. തുടക്കം മുതൽ മഴയുണ്ടായിരുന്നതിനാൽ ചെടികൾക്ക് കരുത്ത് കുറവായിരുന്നു. പാടശേഖരത്തിൽ നിന്ന് വെള്ളം ഒഴുകിപ്പോകാൻ കാനകളെല്ലാം തുറന്നിട്ടും ഫലമുണ്ടായില്ല. കഴിഞ്ഞ മുണ്ടകൻ സീസണിൽ ഏക്കർ കണക്കിന് നെൽച്ചെടികൾ രോഗബാധയിൽ നശിച്ചിരുന്നു.
ഇൻഷ്വർ ചെയ്തിട്ടും നഷ്ടപരിഹാരത്തുക ഇതുവരെയും കിട്ടാതെയാണ് കർഷകർ വീണ്ടും കൃഷിയിറക്കിയത്. പുല്ല് വളർന്ന പാടങ്ങളിൽ മുണ്ടകന്റെ പണി തുടങ്ങുമ്പോഴാണ് അതിതീവ്രമഴയെത്തിയത്. തോടുകളുടെ പുനരുദ്ധാരണപ്രവർത്തനം കൃത്യമായി നടക്കുന്നില്ലെന്ന പരാതിയും കർഷകർ ഉയർത്തുന്നു. കാലാവസ്ഥാമാറ്റം ഉത്പാദനക്ഷമത പകുതിയാക്കിയെന്നതിന്റെ നേർസാക്ഷ്യമാണ് കോൾമേഖല. കാലം തെറ്റിയ മഴയിൽ നെല്ലിന്റെ ഉത്പാദനം കുറഞ്ഞു. നല്ല വിളവുണ്ടായാലും വിളവെടുപ്പുസമയത്ത് മഴപെയ്താൽ എല്ലാം വെള്ളത്തിലാകും. ഏതാണ്ട് മുപ്പതിനായിരം ഏക്കർ വിസ്തൃതിയുള്ള തൃശൂരിലെ കോൾപ്പാടത്ത് അമ്പതിനായിരത്തിലേറെ കർഷകരുണ്ട്.
ഓണക്കുലകളും നിലംപൊത്തി
വാഴയിലെ മാണം അഴുകലും ഇലപ്പുള്ളി രോഗവും വാഴതോട്ടങ്ങളിൽ വ്യാപകമാണ്. മാണം അഴുകിയ വാഴകളുടെ ചുവട് ഭാഗത്ത് നിറവ്യത്യാസവും ചീയലുമുണ്ട്. ഇലപ്പോളകൾ വെള്ളത്തിൽ കുതിർന്നത് പോലെയാണ്. മഞ്ഞനിറത്തിലെ ഇലത്തണ്ടും ഇലകളുമാണ് മറ്റ് ലക്ഷണം. മുഴുവൻ വേരും ചീഞ്ഞ് വാഴ മറിഞ്ഞ് വീഴുകയാണ്. പുതുതായി നട്ടുപിടിപ്പിച്ച കന്നുകൾ മുളക്കാതാകും. നീർവാർച്ച ഉറപ്പാക്കുന്നതിലൂടെയും രോഗബാധയുള്ള കന്നുകൾ യഥാസമയം നശിപ്പിക്കുന്നതിലൂടെയും പരിധി വരെ രോഗം തടയാമെന്നാണ് കാർഷികവിദഗ്ദ്ധർ നൽകുന്ന നിർദ്ദേശം. ഇലപ്പുള്ളി രോഗം ബാധിച്ച വാഴയുടെ താഴെയുള്ള ഇലകളിൽ കണ്ണിന്റെ ആകൃതിയിൽ പുള്ളികൾ കാണാം. വെള്ളക്കെട്ട് കാരണമാണ് രോഗങ്ങൾ വ്യാപിക്കുന്നതെന്നാണ് നിഗമനം.
പുഴകളും നിർണ്ണായകം
കോൾപാടങ്ങളിലൂടെ ഒഴുകുന്ന പുഴയായത് കൊണ്ടുതന്നെ കരുവന്നൂർപുഴയിലെ ജലനിരപ്പുയരുന്നതും കൃഷിക്ക് നിർണ്ണായകം. കൈവഴികൾ വഴി നദികൾ തമ്മിലുള്ള ബന്ധം കാരണം ഒരു നദിയിലുണ്ടാകുന്ന ദുരന്തത്തിന്റെ പ്രത്യാഘാതം മറ്റുള്ളവയെയും നേരിട്ട് ബാധിക്കും. സഹ്യപർവതത്തിലെ ആനമുടി മലനിരകളിൽ നിന്ന് ഉത്ഭവിക്കുന്ന ചാലക്കുടിപ്പുഴ, വാഴച്ചാൽ, അതിരപ്പിള്ളി വെള്ളച്ചാട്ടങ്ങൾ കഴിഞ്ഞ് ചാലക്കുടിക്ക് ശേഷം പെരിയാറുമായി ഒത്തുചേരുന്നുണ്ട്. അതുകൊണ്ട് ചാലക്കുടിപ്പുഴ കരകവിഞ്ഞാൽ പ്രത്യാഘാതം കാർഷികമേഖലയിൽ ഉടനെ പ്രതിഫലിക്കും. വെള്ളപ്പൊക്കസാദ്ധ്യത കൂടുതൽ കൃത്യതയോടെ മനസിലാക്കണമെന്നും ഓരോ അണക്കെട്ടിലും പ്രളയനിയന്ത്രണത്തിന് കൃത്യമായ സൗകര്യം ഉണ്ടാകണമെന്നും പ്രാദേശികതല നിരീക്ഷണം ശക്തിപ്പെടുത്തണമെന്നും ആവശ്യമുയരുന്നുണ്ട്.