
ഇരിങ്ങാലക്കുട: പണം ലഭിക്കാത്തതിനെ തുടർന്ന് ചികിത്സയിലിരിക്കേ മരിച്ച മാപ്രാണം സ്വദേശിനി ഫിലോമിനയുടെ കുടുംബത്തിന് 21 ലക്ഷത്തിന്റെ ചെക്കും രണ്ട് ലക്ഷം രൂപയും കൈമാറി.ഇനി 64,000 രൂപ ബാങ്കിൽ ബാലൻസുണ്ട്.
ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ.ബിന്ദുവിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ ഫിലോമിനയുടെ വീട്ടിൽ നേരിട്ടെത്തിയാണ് തുക കൈമാറിയത്.നിക്ഷേപകർ ആരും പ്രയാസപ്പെടരുതെന്ന ലക്ഷ്യത്തോടെ സർക്കാർ കാര്യമായി ഇടപെടുന്നുണ്ട്.വിഷയത്തിൽ കൺസോർഷ്യം രൂപീകരിക്കാൻ ശ്രമിച്ചെങ്കിലും നിക്ഷേപകരുടെ പരാതിയിൽ ആർ.ബി.ഐ നിബന്ധനകൾ ഏർപ്പെടുത്തിയതോടെയാണ് അത് മുടങ്ങിയത്.കേരള ബാങ്കും സഹകരണ വികസനനിധിയുമായി ഏകോപിപ്പിച്ചാണ് ബാങ്കിനെ സഹായിക്കാനുള്ള നടപടിയെടുക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞമാസം 27 നായിരുന്നു കാറളം തെയ്ക്കാനത്ത് വീട്ടിൽ ഫിലോമിനയുടെ (70)മരണം.40 വർഷത്തോളം മുംബയിൽ ജോലി ചെയ്താണ് ഭർത്താവ് ദേവസിയും ഫിലോമിനയും 28.5 ലക്ഷം രൂപ ബാങ്കിൽ നിക്ഷേപിച്ചത്.കരുവന്നൂർ ബാങ്കിൽ നിക്ഷേപം തിരിച്ചു കിട്ടാത്തതുമായി ബന്ധപ്പെട്ട് മരിക്കുന്ന മൂന്നാമത്തെ ആളാണ് ഫിലോമിന.