ചാലക്കുടി: രണ്ടുദിവസമായി തെളിഞ്ഞ കാലാവസ്ഥയെ തുടർന്ന് ചാലക്കുടിയിൽ നിലനിന്നിരുന്ന വെള്ളപ്പൊക്ക ഭീതി വിട്ടൊഴിഞ്ഞു. എങ്കിലും ഒു ദിവസം കൂടി കനത്ത ജാഗ്രത പാലിക്കാനാണ് റവന്യൂ വകുപ്പിന്റെ തീരുമാനം. രക്ഷാപ്രവർത്തനത്തിന് ഒരുക്കി നിറുത്തിയ ബോട്ടുകളും സംവിധാനങ്ങളും ചാലക്കുടിയിൽ തുടരണമെന്ന് ജില്ലാ കളക്ടറുടെ നിർദ്ദേശമുണ്ട്. ചാലക്കുടി താലൂക്ക് പരിധിയിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകൾ ഇപ്പോഴും തുടരുന്നുണ്ടെങ്കിലും ആളുകൾ പകുതിയോളം വീടുകളിലേക്ക് തിരിച്ചു. മുറ്റത്ത് വെള്ളം കെട്ടികിടക്കുന്ന കാടുകുറ്റി, കൊരട്ടി പഞ്ചായത്തുകളിലെ കുടുംബങ്ങളാണ് ഇപ്പോഴും ക്യാമ്പിൽ കഴിയുന്നത്.
താലൂക്കിൽ ആകെ 41 ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. ഇതിനിടെ പെരിങ്ങൽക്കുത്ത് ഡാമിലെ ഒരു എമർജൻസി ഷട്ടർ കൂടി അടച്ചു. ഇനി രണ്ടു എമർജൻസി ഗേറ്റുകളിൽ കൂടിയാണ് പുഴയിലേക്ക് വെള്ളം ഒഴുകുന്നത്. തുറന്നിട്ടിരിക്കുന്ന ഏഴ് സ്പിൽവെ ഷട്ടറുകളിൽ കൂടി ഒഴുകുന്നതിന് ഇപ്പോൾ ഡാമിൽ വെള്ളമില്ല. പറമ്പിക്കുളം, ഷോളയാർ എന്നിവിടങ്ങളിൽ നിന്നുള്ള വെള്ളത്തിന്റെ അളവും കുറഞ്ഞു. പെരിങ്ങൽക്കുത്ത് ഡാമിലെ ജലനിരപ്പ് 419 മീറ്ററിലേക്കും താഴ്ന്നിട്ടുണ്ട്. ചാലക്കുടിപ്പുഴയിലെ ജലനിരപ്പും അഞ്ചര മീറ്ററായി കുറഞ്ഞു. ഇത് ഏഴ് മീറ്ററായി ഉയർന്നിരുന്നു.