പുതുക്കാട്: ദേശീയപാത 544 ലെ കൊടകര മുതൽ താലോർ വരെയുളള റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രമേയം പാസാക്കി. വൈസ് പ്രസിഡന്റ് ഷീല മനോഹരനാണ് പ്രമേയം അവതരിപ്പിച്ചത്. ബ്ലോക്ക് പരിധിയിലെ 10 കി.മീറ്റർ ദൂരപരിധിയിൽ നിരവധി പേരുടെ ജീവൻ നഷ്ടപ്പെടാനും ഒട്ടേറെ പേരെ മരണ തുല്യരാക്കിയ അപകടങ്ങൾക്കും ഇടയാക്കിയത് റോഡിന്റേ ശോചനീയാവസ്ഥയാണെന്ന് പ്രമേയം ചൂണ്ടിക്കാട്ടി. ഒട്ടെറെപേരുടെ സഞ്ചാര സ്വാതന്ത്ര്യത്തെ തടസപ്പെടുത്തിയാണ് പ്രസ്തുത റോഡ് നിർമ്മിച്ചതെന്നും യോഗം കുറ്റപ്പെടുത്തി. അടിയന്തരമായി റോഡ് സഞ്ചാരയോഗ്യമാക്കുക, മേൽപ്പാലങ്ങൾ നിർമ്മിക്കുക, സർവീസ് റോഡുകൾ സഞ്ചാര യോഗ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിട്ടുള്ളത്.