
ചാലക്കുടി: വി.ആർ.പുരത്ത് യുവതിയുടെ മരണം കാലവർഷക്കെടുതിയിലെ ബാക്കിപത്രമായി. റോഡിൽ കെട്ടിക്കിടന്ന മലവെള്ളമായിരുന്നു നാടിനെ നടുക്കിയ ദേവീകൃഷ്ണയുടെ മരണത്തിന് കാരണം. സാധാരണ നടക്കുന്ന പാലക്കുഴി റോഡിൽ മൂന്നര അടിയോളം വെള്ളമുണ്ടായിരുന്നു. ഇത് മറികടക്കാനുള്ള ശ്രമത്തിലാണ് ദേവീകൃഷ്ണയും ഒപ്പമുണ്ടായിരുന്ന പൗഷയും ലാലി ജോൺസണും റെയിൽവേ പാളത്തിലേക്ക് കയറിയത്. പത്തടിയോളം ഉയരത്തിൽ റെയിൽവേ ട്രാക്കിലേയ്ക്ക് കയറുന്നതിനിടെ ട്രെയിൻ ഇരമ്പി പാഞ്ഞെത്തി. മഴയിൽ കുട ചൂടി നിന്ന ഇരുവരും തൃശൂർ ഭാഗത്തേയ്ക്കുള്ള ട്രെയിൻ വന്നതറിഞ്ഞ് ഓരത്ത് ഒതുങ്ങി നിന്നു. പക്ഷേ ട്രെയിനിന്റെ കാറ്റിൽ കുടകൾ പറന്നുപോയി. ഇതോടൊപ്പമുണ്ടായ ഉലച്ചിലിൽ ഇവരും തോട്ടിലേക്ക് വീണു. ദേഹത്ത് കമ്പി തുളഞ്ഞു കയറിയ ദേവീകൃഷ്ണ തോട്ടിലെ ചളിയിൽ ആഴ്ന്നു പോയി. മറ്റൊരിടത്തേയ്ക്ക് വീണ പൗഷയ്ക്ക് ഗുരുതര പരുക്കുണ്ടെങ്കിലും ജീവൻ രക്ഷപ്പെട്ടു. പടിഞ്ഞാറെ ചാലക്കുടിയിലെ കമ്പ്യൂട്ടർ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു ദേവികൃഷ്ണ. ഈ സ്ഥാപനത്തിന് സമീപത്തെ ചെരുപ്പുകടയിലെ ജീവനക്കാരിയാണ് പൗഷ. വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് ഈ ഭാഗത്ത് നഗരസഭയുടെ നേതൃത്വത്തിൽ രാവിലെ മുതൽ ശ്രമം നടക്കുന്നുണ്ടായിരുന്നു. കാരക്കുളത്തുനാട് ഭാഗത്തായിരുന്നു തോട്ടിൽ കുടുങ്ങിയ ചണ്ടിയും മറ്റും നീക്കിയത്. അപകടമുണ്ടായത് കിഴക്ക് ഭാഗത്തെ വി.ആർ.പുരം റോഡിലായിരുന്നു.