കൊടുങ്ങല്ലൂർ: നഗരസഭയിലെ മേത്തല വില്ലേജിൽ മേൽക്കൂരകൾ തകർന്ന് രണ്ട് വീടുകൾ നിലംപതിച്ചു. ആളപായമില്ല. നഗരസഭയിലെ 39-ാം വാർഡിൽ കോട്ടയത്ത് വീട്ടിൽ റംലത്തിന്റെ ഓടിട്ട വീടും ഇതേ വാർഡിൽ എരശ്ശേരി പാലം തെക്ക് വശം താമസിക്കുന്ന ഇറ്റിക്കപറമ്പിൽ പരേതനായ വിജയന്റെ ഭാര്യ ഇന്ദിരയുടെയും വീടാണ് തകർന്നത്. ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു സംഭവം. അപകട സമയത്ത് റംലത്തും മകനും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. ഇടിഞ്ഞുവീഴുന്ന ശബ്ദം കേട്ട് രണ്ടുപേരും വീടിന് പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. മേൽക്കൂരയ്ക്ക് താഴെ സീലിംഗ് അടിച്ചിരുന്നതിനാൽ അപകടാവസ്ഥ നേരത്തെ മനസിലായിരുന്നില്ല. ഇരുവരും മറ്റൊരു വീട്ടിലേക്ക് താമസം മാറ്റി. ഇന്ദിരയുടെ ഓടിട്ട വീടും രാത്രിയിലാണ് തകർന്നുവീണത്. മേൽക്കൂര പൂർണമായി അപകടാവസ്ഥയിലായിരുന്നു. നഗരസഭ വൈസ് ചെയർമാൻ കെ.ആർ. ജൈത്രൻ, വാർഡ് കൗൺസിലറും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സണുമായ ലത ഉണ്ണിക്കൃഷ്ണൻ, വില്ലേജ് ഓഫീസർ എന്നിവർ വീടുകൾ സന്ദർശിച്ചു. നഗരസഭയുടെ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി സഹായം ചെയ്യാൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് വൈസ് ചെയർമാൻ കെ.ആർ. ജൈത്രൻ പറഞ്ഞു.