പുതുക്കാട്: പാലിയേക്കര ടോൾ പ്ലാസ നിറുത്തുന്ന കാര്യത്തിൽ ആത്മാർത്ഥതയുണ്ടെങ്കിൽ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് അത് രേഖാമൂലം ആവശ്യപ്പെടണമെന്ന് ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് അഡ്വ. ജോസഫ് ടാജറ്റ് ആവശ്യപ്പെട്ടു. നിരവധി തവണ കരാർ കമ്പനിയുടെ കരാർ ലംഘനത്തെക്കുറിച്ച് പരാതി നൽകിയിട്ടും ഒരു മറുപടി പോലും നൽകാൻ ഇതുവരെ മന്ത്രി തയ്യാറായില്ല. മണ്ണുത്തി-അങ്കമാലി-ഇടപ്പള്ളി ദേശീയപാതയുടെ പ്രശ്‌നത്തിൽ മന്ത്രി കേന്ദ്രത്തിന് മുമ്പ് കത്ത് നൽകിയിട്ടില്ല. ദേശീയപാതയിൽ 60 കി.മീ ദൂരത്തിൽ രണ്ട് ടോൾ പ്ലാസയുണ്ടെങ്കിൽ ഒന്ന് നിറുത്തലാക്കുമെന്ന് കേന്ദ്ര മന്ത്രി പ്രഖ്യാപിച്ചപ്പോൾ ഈ കാര്യം ആവശ്യപ്പെടണമെന്ന് കാണിച്ച് കത്ത് നൽകിയിട്ടും ഇതുവരെ സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടില്ലെന്നും ജോസഫ് ടാജറ്റ് പറഞ്ഞു.