ഇരിങ്ങാലക്കുട : നിക്ഷേപത്തുക തിരികെ ലഭിക്കാൻ ഞങ്ങളും മരിക്കണോയെന്ന് കരുവന്നൂർ ബാങ്കിൽ പതിനഞ്ച് ലക്ഷം നിക്ഷേപമുള്ള മാപ്രാണം സ്വദേശി ജോയ് ചോദിച്ചു. ചികിത്സാ ആവശ്യത്തിന് പണം ആവശ്യപ്പെട്ട ജോയിക്ക് കൃത്യസമയത്ത് ലഭിച്ചിരുന്നില്ല. കുടുംബത്തിലെ ഒരാൾ മരിച്ചാൽ മാത്രമേ നിക്ഷേപത്തുക കിട്ടുമെന്ന് കണ്ടാൽ മരിക്കാൻ തയ്യാറായി ഒരുപാട് പേർ ക്യൂവിലുണ്ട്. ഓരോ വീട്ടിലും ഒരാളെങ്കിലും മരിച്ചാലേ നിക്ഷേപത്തുക കിട്ടുകയുള്ളൂവെന്ന് വന്നാൽ മരിക്കാനും തയ്യാറാണെന്നും ഇയാൾ പറഞ്ഞു. മരണമടഞ്ഞ ഫിലോമിനയുടെ കുടുംബം കരുവന്നൂർ ബാങ്കിൽ നിക്ഷേപിച്ച മുഴുവൻ തുകയും മന്ത്രി ഡോ. ആർ. ബിന്ദു വീട്ടിലെത്തി കൈമാറിയതിനെത്തുടർന്ന് മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഇദ്ദേഹം. ഫിലോമിനയുടെ കുടുംബത്തിന് പണം ലഭിച്ചതിൽ സന്തോഷമേയുള്ളൂ. ഇത് നേരത്തെ കൊടുത്ത് മികച്ച ചികിത്സ സാദ്ധ്യമാക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ഒരു മരണം ഉണ്ടാകുമായിരുന്നില്ല. കരുവന്നൂർ ബാങ്കിൽ വൻ തുക നിക്ഷേപമുണ്ടായിട്ടും, മികച്ച ചികിത്സ ലഭിക്കാതെ ഇക്കാലയളവിൽ മരണമടഞ്ഞിട്ടുള്ളത്. കരുവന്നൂർ സഹകരണ ബാങ്ക് വിഷയത്തിൽ മനുഷ്യത്വരഹിതമായ സമീപനമാണ് സർക്കാരും സി.പി.എമ്മും സ്വീകരിച്ചിട്ടുള്ളതെന്ന് ഇയാൾ പറഞ്ഞു.