devikrishna

ചാലക്കുടി: റോഡിലെ വെള്ളപ്പൊക്കം ഒഴിവാക്കി നടക്കാൻ പാളത്തിലേക്ക് കയറുന്നതിനിടെ ട്രെയിനിന്റെ കാറ്റടിച്ച് വെള്ളക്കെട്ടിലേക്ക് തെറിച്ചു വീണ് യുവതിക്ക് ദാരുണാന്ത്യം. വി.ആർ പുരം തൊറാപ്പടി ശ്രീജിത്തിന്റെ ഭാര്യ ദേവീകൃഷ്ണയാണ് (28) മരിച്ചത്. ഒപ്പമുണ്ടായിരുന്ന വി.ആർ പുരം ചെമ്പോത്തുപറമ്പിൽ മുജീബിന്റെ ഭാര്യ പൗഷയ്‌ക്ക് (40) പരിക്കേറ്റു. ഇന്നലെ രാവിലെ ഒമ്പതരയ്‌ക്ക് പാലത്തുകുഴി പാലത്തിനടിയിലായിരുന്നു സംഭവം. ഇവർക്കൊപ്പമുണ്ടായിരുന്ന വി.ആർ പുരം കണ്ണമ്പുഴ വീട്ടിൽ ലാലി ജോൺസൺ പാളത്തിൽ കയറാത്തതിനെ തുടർന്ന് അപകടത്തിൽ നിന്നൊഴിവായി.

വെള്ളക്കെട്ടിൽ വീണ ദേവീകൃഷ്ണയുടെ വയറിൽ ഇരുമ്പ്കുറ്റി തുളച്ചു കയറിയതോടെ ചെളിയിൽ പൂണ്ടുപോയി. തുടർന്ന് ഇരുവരെയും നാട്ടുകാർ കരയ്‌ക്കെത്തിച്ച് ആശുപത്രിയിൽ കൊണ്ടു പോയെങ്കിലും ദേവീകൃഷ്ണ മരിച്ചു.

കനത്ത മഴയിൽ പാടശേഖരത്തിന് സമീപമുള്ള പാലത്തിലെ ഇരുറോഡുകളും അരയ്‌ക്കൊപ്പം വെള്ളത്തിൽ മുങ്ങിയതിനെ തുടർന്നാണ് കുടയും ചൂടി ഇരുവരും പത്തടിയിലേറെ ഉയരത്തിലുള്ള പാളത്തിലേക്ക് കയറിയത്. അതിനിടെ എത്തിയ തൃശൂർ ഭാഗത്തേക്കുള്ള ട്രെയിനിന്റെ കാറ്റടിച്ച് കൈയിലുണ്ടായിരുന്ന കുടകൾ മറിഞ്ഞതോടെയാണ് ഇരുവരും വെള്ളക്കെട്ടിലേക്ക് വീണത്. പൗഷ വെള്ളക്കെട്ടിന്റെ മറ്റൊരു ഭാഗത്താണ് വീണത്. ഇരുവരും പടിഞ്ഞാറെ ചാലക്കുടി അമ്പലനടയിലെ കമ്പ്യൂട്ടർ സർവീസ് സ്ഥാപനത്തിലെ ജീവനക്കാരാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ദേവീകൃഷ്ണയുടെ മൃതദേഹം ഇന്ന് രാവിലെ വീട്ടിലെത്തിക്കും. തുടർന്ന് രാവിലെ 10ന് നഗരസഭ ശ്മശാനത്തിൽ സംസ്കരിക്കും. മകൾ: ദ്രുവ നന്ദ.