1
വാഴാനിയിൽ കാട്ടാനകൾ ഇറങ്ങിയ ഇടത്തെ കാൽപ്പാടുകൾ.

വടക്കാഞ്ചേരി: കുതിരാൻ തുരങ്കം തുറന്നതോടെ കാട്ടാനകൾ കൂട്ടത്തോടെ മച്ചാട് വനമേഖലയിലേക്ക് പ്രവേശിച്ചതായി അധികൃതർ വിലയിരുത്തുമ്പോഴും അവയെ തുരത്താൻ നടപടിയില്ലാത്തത് ജനങ്ങളിൽ ആശങ്കയുയർത്തുന്നു. വാഴാനി മേഖലയിൽ കാട്ടാനകൾ ജനവാസമേഖലകളിലെത്തുന്നത് പതിവായതോടെ ഭയന്നാണ് ജനങ്ങൾ ദിനങ്ങൾ തള്ളിനീക്കുന്നത്. നേരത്തെ കാട്ടുപന്നി, മയിൽ, മുള്ളൻപന്നി എന്നിവ കൃഷിയിടത്തിലിറങ്ങി കൃഷി നാശം വരുത്തുന്നത് പതിവായിരുന്നു. എന്നാലിപ്പോൾ കാട്ടാനകളും സജീവമായതോടെ ജനങ്ങളുടെ ആശങ്ക ആനയോളം വളർന്ന് വലുതായിരിക്കുകയാണ്.
കുതിരാൻ തുരങ്കം തുറന്നതോടെ ഈ മേഖലയിലുണ്ടായിരുന്ന പത്തൊമ്പതോളം ആനകൾ പുതിയ ആന വഴിത്താരയിലൂടെ മച്ചാട് വനമേഖലയിൽ എത്തിപ്പെട്ടതായാണ് വനംവകുപ്പിന്റെ നിഗമനം. ഇവയാണ് ജനവാസ മേഖലകളിൽ തോരോട്ടം നടത്തുന്നതെന്നും സംശയിക്കുന്നു. കഴിഞ്ഞ മാസം ചേലക്കര തോട്ടേക്കോട് കാട്ടാനയുടെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. ജനവാസ മേഖലയായ മേലിലത്ത് കഴിഞ്ഞദിവസം നിരവധി തവണ കാട്ടാനയിറങ്ങി വൻ കാർഷിക നാശമാണ് വരുത്തിവച്ചത്. ഇന്നലെ പുലർച്ചെ ആന വീണ്ടും മേലിലത്തെത്തി. നെല്ലിക്കുന്നേൽ വീട്ടിൽ തോമസിന്റ പറമ്പിലാണ് കാട്ടാന ഇറങ്ങിയത്. വിവരമറിഞ്ഞ് വാഴാനി ഫോറസ്റ്റ് സ്റ്റേഷനിൽ നിന്നുള്ള ജീവനക്കാർ സ്ഥലം സന്ദർശിച്ചു. പറമ്പിൽ നിന്നിരുന്ന വാഴയും ചെറു മരങ്ങളും കാട്ടാന നശിപ്പിച്ചിട്ടുണ്ട്. റബർ മരങ്ങളുടെ ചില്ലകളും ഒടിച്ചിട്ടു. കാട്ടാന ശല്യം രൂക്ഷമായതോടെ വാഴാനി മേഖലയിലെ ആദിവാസി കുടുംബങ്ങളും ഏറെ ദുരിതത്തിലാണ്. പരിസരത്ത് താമസിക്കുന്നവരുടെ പറമ്പിലും കാട്ടാനയെത്തിയതിന്റെ ലക്ഷണങ്ങളുണ്ട്. തെങ്ങും വാഴകളും നശിപ്പിച്ച നിലയിലാണ്. ഇത് വലിയ ആശങ്കയും ഭീതിയും സമ്മാനിച്ചിരിക്കുകയാണ്. കഴിഞ്ഞ ആറു മാസത്തോളമായി കാട്ടാനകൾ ഈ മേഖലയിൽ വിലസുമ്പോഴും അവയെ തുരത്താൻ കാര്യക്ഷമമായ നടപടികൾ വനംവകുപ്പിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ലെന്ന ആക്ഷേപവും പ്രദേശവാസികൾക്കിടയിലുണ്ട്.