rajan

തൃശൂർ: മണലിപ്പുഴയിലെ പീച്ചി അണക്കെട്ട് റവന്യൂമന്ത്രി കെ.രാജൻ സന്ദർശിച്ചു. അണക്കെട്ടിലെ നാല് ഷട്ടറുകൾ കൂടുതൽ ഉയർത്തുന്നതിന്റെ ഭാഗമായി സ്ഥിതിഗതികൾ വിലയിരുത്താനായാണ് മന്ത്രി ഡാം സന്ദർശിച്ചത്. മേജർ ഇറിഗേഷൻ എൻജിനീയർമാർ ഉൾപ്പെടെയുള്ളവരുമായും ജനപ്രതിനിധികളുമായും മന്ത്രി ചർച്ച നടത്തി. നിലവിൽ മണലിപ്പുഴയിലെ ജലനിരപ്പ് വലിയ പ്രശ്‌നമില്ലാതെയാണ് കടന്നുപോകുന്നത്. അടുത്ത രണ്ട് ദിവസം മഞ്ഞ അലർട്ടാണ്. വീണ്ടും മഴ കനക്കുന്നതിന് മുമ്പ് പീച്ചി ഡാമിലെ വെള്ളത്തിന്റെ അളവ് ചെറിയ തോതിൽ കുറയ്‌ക്കേണ്ടതുള്ളതിനാലാണ് ഷട്ടറുകൾ കൂടുതൽ ഉയർത്തുന്നതെന്ന് മന്ത്രി പറഞ്ഞു.

നിലവിൽ 20 സെന്റീമീറ്റർ ഉയർത്തിയിരിക്കുന്ന ഷട്ടറുകൾ അഞ്ച് മീറ്റർ കൂടി വർദ്ധിപ്പിച്ച് 25 സെന്റീമീറ്ററായാണ് ഉയർത്തിയത്. ഇത് മണലിപ്പുഴയിലെ ജലനിരപ്പിൽ വലിയ മാറ്റങ്ങളുണ്ടാക്കില്ല. പുഴയിലെ ജലനിരപ്പ് അപകടനിലയിൽ എത്തുന്നത് 6.1 മീറ്ററിലാണ്. നിലവിൽ 5.53 ആണ് പുഴയിലെ ജലനിരപ്പ്. അത് അപകട നിലയിലേക്ക് പെട്ടെന്ന് എത്താനിടയില്ല. അതിനാൽ ഡാം ഷട്ടറുകൾ ഉയർത്തിയെന്ന് കരുതി കരയിൽ താമസിക്കുന്നവർക്ക് ആശങ്കയുണ്ടാവേണ്ട കാര്യമില്ല. അതേസമയം, ജാഗ്രത കൈവിടരുത്. ഡാമിലെ ഷട്ടർ ഉയർത്തുന്നതുമായി ബന്ധപ്പെട്ട് പുഴക്കരയിലെ പാണഞ്ചേരി, പുത്തൂർ, നടത്തറ, നെന്മണിക്കര, അളഗപ്പനഗർ, തൃക്കൂർ ഉൾപ്പെടെയുള്ള പഞ്ചായത്തുകളിലുള്ളവർക്ക് നേരത്തേ ജില്ലാ ഭരണകൂടം ജാഗ്രതാ നിർദ്ദേശം നൽകി.
ജലനിരപ്പ് ഉയരുന്നത് കാണാനും മറ്റുമായി പാലങ്ങളിലും പുഴയോരങ്ങളിലും നിൽക്കുന്നതും പുഴയെയും പുഴക്കരയെയും കളിക്കാനും മറ്റ് അനാവശ്യ കാര്യങ്ങൾക്കുമായി ഉപയോഗിക്കുന്നതും കർശനമായി വിലക്കി.

ഇത് നിയന്ത്രിക്കാൻ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി.രവീന്ദ്രൻ, മേജർ ഇറിഗേഷൻ എക്‌സിക്യൂട്ടീവ് എൻജിനീയർ ടി.കെ.ജയരാജൻ തുടങ്ങിയവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.