
അതിരപ്പിള്ളി: കാലടി പ്ലാന്റേഷന്റെ വെറ്റിലപ്പാറ കശുമാവിൻ തോട്ടത്തിനടുത്ത് അവശനിലയിൽ കണ്ടെത്തിയ ആന കാട് കയറിപ്പോയി. വ്യാഴാഴ്ച കാണപ്പെട്ട മുപ്പത് വയസ് പ്രായമുള്ള കൊമ്പനാണ് കിടന്നിരുന്ന സ്ഥലത്ത് നിന്നും അപ്രത്യക്ഷമായത്. മലവെള്ളത്തിന്റെ കുത്തൊഴുക്കിൽ പുഴയുടെ തുരുത്തിൽപ്പെട്ട് പിന്നീട് കരകയറിയ ആനയെ നിരീക്ഷിക്കുന്നതിനിടെയാണ് അവശ നിലയിൽ മറ്റൊരു ആനയെ കണ്ടത്. തോട്ടം തൊഴിലാളികളാണ് ഇതിനെ ആദ്യം കണ്ടത്. പിന്നീട് വിവരമറിഞ്ഞ് വനപാലകരും സ്ഥലത്തെത്തി. വെറ്ററിനറി ഡോക്ടർമാരും ആനയെ നിരീക്ഷിക്കാനെത്തിയിരുന്നു. എന്നാൽ കാര്യമായ രോഗമില്ലെന്നായിരുന്നു വിലയിരുത്തൽ. പിന്നീട് ശനിയാഴ്ച രാവിലെ മുതലാണ് ഇതിനെ കാണാതായത്. പലയിടത്തും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ലെന്ന് വാഴച്ചാൽ ഡി.എഫ്.ഒ ആർ. ലക്ഷ്മി പറഞ്ഞു. പുഴയിൽ അകപ്പെട്ട ആനയല്ല ഇതെന്ന് വ്യക്തമായിട്ടുണ്ട്. അതിന്റെ ചെവിയിൽ മുറിവേറ്റിരുന്നു.
കെ.എസ്.സുധില ഇനി ദേവസ്വത്തിൽ ക്ളർക്ക്
ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിൽ എൽ.ഡി ക്ലാർക്കായി നിയമനം ലഭിച്ച കെ.എസ്.സുധില ജോലിയിൽ പ്രവേശിച്ചു. അച്ഛൻ സുരേഷിനും അമ്മ അനിതയ്ക്കുമൊപ്പം രാവിലെ പത്തോടെയാണ് സുധില ദേവസ്വം ഓഫീസിലെത്തിയത്. തുടർന്ന് രേഖകൾ സമർപ്പിച്ചു. എസ്റ്റാബ്ലിഷ്മെന്റ് വിഭാഗത്തിൽ ക്ലാർക്കായാണ് നിയമനം. ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ രാധികയുടെ നേതൃത്വത്തിൽ ജീവനക്കാർ മധുരം നൽകി സുധിലയെ വരവേറ്റു. സുധിലയ്ക്ക് ആശംസ നേരാൻ ശ്രീകൃഷ്ണ കോളേജ് പ്രിൻസിപ്പൽ ഡോ:ഹരി മുളമംഗലവും ദേവസ്വം ഓഫീസിലെത്തി. അരിയന്നൂർ ശ്രീകൃഷ്ണ കോളേജിൽ 2016ൽ മരം വീണുണ്ടായ അപകടത്തിൽ ശരീരം തളർന്ന സുധില വീൽച്ചെയറിലാണ് സഞ്ചാരം. കഴിഞ്ഞദിവസമാണ് സുധിലയ്ക്ക് ക്ലാർക്കായി ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ നിയമന ഉത്തരവ് നൽകിയത്.